ന്യൂഡെൽഹി: രാജ്യത്ത് കോവിഡ്, ഒമൈക്രോൺ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകള്‍ വേഗത്തിലാക്കാന്‍ സംസ്‌ഥാനങ്ങള്‍ക്ക് നിർദ്ദേശം നൽകി കേന്ദ്രം. ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഫലം വരാന്‍ വൈകുന്നതിനാല്‍ ആന്റിജന്‍ ടെസ്‌റ്റുകളും സെല്‍ഫ് ടെസ്‌റ്റിംഗ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനകളും പ്രോൽസാഹിപ്പിക്കണം എന്നും ആരോഗ്യ മന്ത്രാലയം സംസ്‌ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
ചുമയോടെയോ അല്ലാതെയോ ഉള്ള പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, അടുത്തിടെയുള്ള രുചിയോ മണമോ നഷ്‌ടം, ക്ഷീണം, വയറിളക്കം എന്നിവയുള്ള എല്ലാവരെയും പരിശോധനക്ക് വിധേയരാക്കണം.
കോവിഡ് രോഗികളെ നേരത്തെ കണ്ടെത്തി അവരെയും അവര്‍ക്ക് സമ്പര്‍ക്കമുള്ളവരെയും കൃത്യമായി ക്വാറന്റെയ്ൻ ചെയ്യുന്നത് മാത്രമാണ് കോവിഡ് വ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം. ആര്‍ടിപിസിആര്‍ വഴി രോഗ നിര്‍ണയം നടത്തുന്നത് വലിയ കാലതാമസം സൃഷ്‌ടിക്കുന്നു. അതിനാല്‍ വേഗത്തിലുള്ള പരിശോധനകളെ പ്രോൽസാഹിപ്പിക്കണം. കൂടുതല്‍ ടെസ്‌റ്റിംഗ് ബൂത്തുകള്‍ സജ്‌ജമാക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരെ പരിശോധന നടത്തിയ ശേഷം ഫലം വരുന്നത് വരെ കൃത്യമായി ക്വാറന്റൈന്‍ ചെയ്യണം.
ഒമൈക്രോണിന്റെ വ്യാപനത്തെ തുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ രാജ്യത്ത് 1270 ഒമൈക്രോൺ കേസുകളാണ് സ്‌ഥിരീകരിച്ചത്. പ്രതിധിന കോവിഡ് കേസുകളുടെ എണ്ണം 16,764ഉം ആയി ഉയര്‍ന്നിട്ടുണ്ട്.
കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ ഈ വര്‍ധന രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതിന്റെ സൂചനയാണെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ ഈ വര്‍ധന ആഗോള തലത്തില്‍ കേസ് വര്‍ധിച്ചതിന്റെ തുടര്‍ച്ചയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്.
Most Read: അഞ്ച് വർഷം കൊണ്ട് മനുഷ്യനെ ചൊവ്വയിൽ എത്തിക്കുക ലക്ഷ്യം; എലോൺ മസ്‌ക്