കാസർഗോഡ്: കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന പരാതിയിൽ വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് ചോദ്യം ചെയ്യും. വിദ്യയോട് ഇന്ന് നേരിട്ട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവ. കോളേജിലും സമർപ്പിച്ചിരിക്കുന്നത്.
അതേസമയം, വിദ്യ ഏത് സമയത്ത് നീലേശ്വരം പോലീസിന് മുന്നിൽ ഹാജരാകുമെന്നതിൽ വ്യക്തതയില്ല. എന്നാൽ, ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നീട്ടി വെക്കാനുള്ള സാധ്യതയും ഉണ്ട്. അതേസമയം, മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യക്ക് കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
50,000 രൂപയുടെ രണ്ടു ആൾജാമ്യം നൽകണം, ഒരു കാരണവശാലും കേരളം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. കൂടാതെ, പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ കോടതിയിൽ ഹാജരാക്കാനും നിർദ്ദേശമുണ്ട്. അതേസമയം, വ്യാജരേഖ ചമച്ച കേസിൽ വിദ്യ കുറ്റം സമ്മതിച്ചെന്ന് പോലീസ് റിപ്പോർട്. പ്രധാന തെളിവായ വ്യാജ സർട്ടിഫിക്കറ്റ് വിദ്യ കീറിക്കളഞ്ഞുവെന്നും പോലീസ് പറയുന്നു.
വിദ്യയുടെ ജാമ്യഹരജിയെ എതിർത്ത് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ അട്ടപ്പാടി ചുരത്തിൽവെച്ചു കീറിക്കളഞ്ഞതായി വിദ്യ സമ്മതിച്ചെന്നാണ് ഈ റിപ്പോർട്ടിലുള്ളത്.
Most Read: പകർച്ചപ്പനി; കോൾ സെന്ററുകൾ ആരംഭിച്ചു- 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം