തിരുവനന്തപുരം: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ പ്രതിയായ കെ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ സംസ്‌ഥാന സർക്കാരും ഇന്ന് കോടതിയെ നിലപാട് അറിയിക്കും. കേസ് രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ചതാണെന്നാണ് വിദ്യയുടെ വാദം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു.
വിദ്യ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. വിദ്യയെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനിടെ, കേസിലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. സൈബർ സെൽ വിദഗ്‌ധരെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ അന്വേഷണ സംഘം. പുതൂർ, ചെർപ്പുളശേരി സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരും അന്വേഷണ സംഘത്തിലുണ്ട്. അതേസമയം, എസ്എഫ്ഐ വിദ്യാഭ്യാസ തട്ടിപ്പിൽ പ്രതിഷേധിച്ചു കെഎസ്‌യു സംസ്‌ഥാനത്തെ കോളേജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്.
കെഎസ്‌യു ഇന്ന് സംസ്‌ഥാന വ്യാപകമായി പഠിപ്പുമുടക്കി പ്രതിഷേധിക്കുകയാണ്. നിഖിൽ തോമസിന്റെയടക്കം വിഷയം ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തുവെന്ന് ആരോപിച്ചാണ് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. വിഷയത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് ആലപ്പുഴ എസ്‌പി ഓഫീസിലേക്കും കെഎസ്‌യു മാർച്ച് നടത്തും.
വിവാദത്തിൽ ആരോപണം നേരിടുന്ന നിഖിൽ തോമസിനെ ഇന്നലെ കായംകുളം എംഎസ്എം കോളേജ് അധികൃതർ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഉടൻ തന്നെ പോലീസിൽ പരാതിപ്പെടുമെന്നും കോളേജിന് ഒന്നും മറച്ചുവെക്കാനും ആരെയും സംരക്ഷിക്കാനുമില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.
Most Read: പ്ളസ് ടു കോഴക്കേസ്; കെഎം ഷാജിക്ക് എതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി