തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ, കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ പുറത്താക്കി എസ്എഫ്ഐ. നിഖിൽ തോമസിനെ എസ്എഫ്ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി നേതൃത്വം പ്രസ്‌താവനയിൽ അറിയിച്ചു. നിഖിൽ സംഘടനയെ തെറ്റിദ്ധരിപ്പിച്ചതായി എസ്എഫ്ഐ നേതൃത്വം വ്യക്‌തമാക്കി.
വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകുന്ന മാഫിയാ സംഘത്തിന്റെ സഹായം തേടിയ ഒട്ടനവധി ചെറുപ്പക്കാരിൽ ഒരാളായി നിഖിൽ തോമസും മാറി. ഒരിക്കലും ഒരു എസ്എഫ്ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് നിഖിൽ ചെയ്‌തതെന്നും എസ്എഫ്ഐ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. ഇന്നലെ പരിശോധിച്ചു ബോധ്യപ്പെട്ടത് സർവകലാശാല രേഖകൾ മാത്രമാണെന്നും എസ്എഫ്ഐ സംസ്‌ഥാന പ്രസിഡണ്ട് കെ അനുശ്രീ, സെക്രട്ടറി പിഎം ആർഷോ എന്നിവർ പ്രസ്‌താവനയിൽ അറിയിച്ചു.
അതേസമയം, വിവാദത്തിൽ ഇടപെട്ടു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. സംഭവത്തിന്റെ വിശദാംശങ്ങൾ ഗവർണർ ആരാഞ്ഞു. കേരള സർവകലാശാല വിസിയുമായി ഗവർണർ ഫോണിൽ സംസാരിച്ചു. വിസി ഗവർണറെ നേരിൽ കണ്ടു വിവരങ്ങൾ ധരിപ്പിക്കും. ഏത് നിയമവിരുദ്ധ പ്രവർത്തനത്തിനുള്ള സർട്ടിഫിക്കറ്റാണ് എസ്എഫ്ഐ മെമ്പർഷിപ്പെന്നും ഗവർണർ പ്രതികരിച്ചു.
അതിനിടെ, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയ നിഖിൽ തോമസിനെതിരെ കായംകുളം പോലീസ് കേസെടുത്തു. വ്യാജരേഖ ചമയ്‌ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം കലിംഗ യൂണിവേഴ്‌സിറ്റിയിലേക്കും നീളുകയാണ്. കായംകുളം പോലീസ് കലിംഗ സർവകലാശാലയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഉദ്യോഗസ്‌ഥരിൽ നിന്ന് മൊഴിയെടുത്തു. ഇതിനിടെ, വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേരള സർവകലാശാല ഡിജിപിക്ക് പരാതി നൽകി.
Most Read: എഐ ക്യാമറ; പണം നൽകരുത്- മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി