കൊച്ചി: പ്രശസ്ത സംവിധായകൻ കെജി ജോർജ് (78) അന്തരിച്ചു. കൊച്ചി കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ മലയാള സിനിമക്ക് പുതിയ ഭാവതലങ്ങൾ സമ്മാനിച്ച, കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമകളുമായി എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രതിഭയാണ് ഇന്ന് മലയാള സിനിമാ ലോകത്തെ വിട്ടുപിരിഞ്ഞത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ കുളക്കാട്ടിൽ സാമുവലിന്റേയും അന്നമ്മയുടെയും മകനായി 1945 മെയ് 24ന് ആയിരുന്നു ജനനം. തിരുവല്ല എസ്ഡി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവല്ല എസ്എസ്എസ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്ര സംവിധാനത്തിൽ ബിരുദം നേടി. കുളക്കാട്ടിൽ വർഗീസ് ജോർജ് എന്നതാണ് ശരിയായ പേര്. സിനിമയിൽ സജീവമായപ്പോൾ കെജി ജോർജ് എന്ന പേരിൽ അറിയപ്പെട്ടു.
വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാള സിനിമക്ക് പുതിയ ഭാഷ്യം നൽകിയ സംവിധായകനായിരുന്നു കെജി ജോർജ്. 1973ൽ റിലീസായ നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് തടുങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണമാണ്. 1998ൽ പുറത്തിറങ്ങിയ ഇളവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാന ചിത്രം.
സ്വപ്നാടനത്തിലൂടെ കെജി ജോർജ് സംവിധായക ലോകത്തേക്ക് അരങ്ങേറി. ഉൾക്കടൽ, കോലങ്ങൾ, മേള, ഇരകൾ, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നിൽ, മറ്റൊരാൾ, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി എന്നിങ്ങനെ 40 വർഷത്തിനിടെ ഇരുപതോളം ചിത്രങ്ങൾ മാത്രമേ കെജി ജോർജ് സംവിധാനം ചെയ്തിട്ടുള്ളൂ. എന്നാൽ, മലയാള സിനിമയുടെ ചരിത്രത്തിൽ വിപ്ളവകരമായ പല മാറ്റങ്ങൾക്കും സിനിമകളിലൂടെ അദ്ദേഹം തുടക്കമിട്ടു.
വ്യവസ്ഥാപിത നായികാ-നായികാ സങ്കൽപ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമ എന്ന ശക്തമായ മാദ്ധ്യമത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്തു. മലയാളത്തിൽ ഒരു സ്ത്രീപക്ഷ സിനിമ ആദ്യമായി ഒരുക്കിയത് കെജി ജോർജ് ആണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആദാമിന്റെ വാരിയെല്ല് പുതുതലമുറ സംവിധായകരെയും വിസ്മയിപ്പിക്കുന്ന ആഖ്യാനത്തിലായിരുന്നു കെജി ജോർജ് ഒരുക്കിയത്. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
സ്വപ്നാടനത്തിന് മികച്ച ചിത്രം, തിരകകഥാ എന്നിവക്ക് 1975ൽ സംസ്ഥാന അവാർഡ് ലഭിച്ചു. രാപ്പാടികളുടെ ഗാഥയ്ക്ക് 1978ൽ ജനപ്രിയ കഥാമൂല്യവുമുള്ള സിനിമക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. 1982ൽ മികച്ച ചിത്രം, കഥ എന്നിവയ്ക്ക് യവനികക്കും 1983ൽ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവക്ക് ആദാമിന്റെ വാരിയെല്ലിനും സംസ്ഥാന പുരസ്കാരം ലഭിച്ചു. ഇരകൾ എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവക്ക് 1985ലും കെജി ജോർജിനെ തേടി സംസ്ഥാന പുരസ്കാരമെത്തി.
ഗായികയും പപ്പുക്കുട്ടി ഭാഗവതരുടെയും മകളുമായ സൽമയാണ് ഭാര്യ. അരുൺ, താര എന്നിവർ മക്കളാണ്.
Most Read| ‘പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയില്ല’; നയതന്ത്ര പ്രശ്നം പരിഹരിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ






































