ന്യൂഡെല്‍ഹി: കര്‍ഷക വിരുദ്ധ നിയമത്തിനും വൈദ്യുതി നിയമ ഭേദഗതി ബില്ലിനുമെതിരെ നവംബര്‍ അഞ്ചിന് രാജ്യവ്യാപകമായി റോഡ് ഉപരോധിക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്‌ഥാന, പ്രാദേശിക തലത്തില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കോര്‍പറേറ്റ് കമ്പനികള്‍ക്കും മുന്നില്‍ പ്രതിഷേധ പരിപാടികളും ഉണ്ടാകും.
അഞ്ഞൂറോളം കാര്‍ഷിക സംഘടനകള്‍ ഉള്‍പ്പെടുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും പഞ്ചാബിലെ കര്‍ഷക നേതാക്കളായ സര്‍ദാര്‍ ബല്‍ബീര്‍ സിങ് രാജേവാല്‍, ഗുര്‍നാം സിങ് ചന്ദുനി എന്നിവരുടെ നേതൃത്വത്തിലുള്ള ഫെഡറേഷനുകളും ഡെല്‍ഹിയില്‍ സംയുക്‌ത യോഗം ചേര്‍ന്നു. തുടര്‍ സമരങ്ങള്‍ സംയുക്‌തമായി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
Also Read: കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം തന്നെ നല്‍കാന്‍ കഴിയും; ഫിസര്‍
സംയുക്‌ത ട്രേഡ് യൂണിയന്‍ നവംബര്‍ 26ന് സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ ഗ്രാമീണ ഹര്‍ത്താല്‍ നടത്തും. നവംബര്‍ 27ന് ഡെല്‍ഹി ചലോ എന്ന പേരില്‍ തലസ്‌ഥാനത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പഞ്ചാബില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെയും ജനങ്ങളെയും ഭീഷണിപ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കണ്‍വീനര്‍ വിഎം സിങ് പറഞ്ഞു.