കോഴിക്കോട്: വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. പാരാമിലിട്ടറി ഫോഴ്‌സിനെ ഉപയോഗിച്ച് സമരം അടിച്ചമർത്തി കർഷകരോട് ക്രൂരമായ രൂപത്തിലാണ് കേന്ദ്രസർക്കാർ പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സമരങ്ങളെ കൈകാര്യം ചെയ്യാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച അതേ രീതിയാണ് ഇന്ത്യയിലെ ഫാസിസ്‌റ്റ് ഭരണകൂടവും സ്വീകരിച്ചിരിക്കുന്നത് എന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. മഹാത്‌മാ ഗാന്ധിയുടെ രക്‌തസാക്ഷിത്വ ദിനത്തിന്റെയും കെപിസിസിയുടെ നൂറാം വാർഷികത്തിന്റെയും ഭാഗമായി കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ‘കർഷകരുടെ ഇന്ത്യ-വട്ടമേശ സമ്മേളനം’ ഉൽഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കോൺഗ്രസ് മുൻ അധ്യക്ഷനും എംപിയുമായ രാഹുൽഗാന്ധി നേരിട്ടെത്തി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ്. എന്നിട്ട് സിപിഎമ്മുകാർ കോൺഗ്രസിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുകയാണ് എന്നും മുല്ലപ്പള്ളി പറഞ്ഞു. പത്ത് ചെങ്കൊടിയും പിടിച്ച് ഞങ്ങളാണ് സമരം നടത്തുന്നതെന്ന് പറഞ്ഞ് ഓടിപ്പോയാൽ പ്രശ്‌നങ്ങൾ തീരുമോ എന്നും അദ്ദേഹം ചോദിച്ചു. ഗാന്ധിജിയെ പുനർവായനക്ക് വിധേയമാക്കുമ്പോൾ ലോകത്തിന്റെ മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനാവുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ചടങ്ങിൽ എംകെ രാഘവൻ എംപി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡണ്ട് യു രാജീവൻ അധ്യക്ഷനായി. കെപിസിസി വൈസ് പ്രസിഡണ്ട് ടി സിദ്ദിഖ്, ജനറൽ സെക്രട്ടറി എൻ സുബ്രഹ്‌മണ്യൻ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ, കെസി അബു, പി ഉഷാദേവി, സത്യൻ കടിയങ്ങാട്, വിദ്യാ ബാലകൃഷ്‌ണൻ, ഐ മൂസ, കാവിൽ പി മാധവൻ, എം രാജൻ, ബേപ്പൂർ രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
Malabar News: പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം ഫെബ്രുവരി 15ന്






































