ന്യൂഡെൽഹി: സംഘപരിവാർ ഭീഷണിയെ തുടർന്ന് കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശശി തരൂർ എംപി രംഗത്ത്. ഫാറൂഖിയുടെ അവസ്ഥ രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് ശശി തരൂർ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം പലരൂപത്തിൽ അടിച്ചമർത്തപ്പെടാറുണ്ട്. ഒരു സ്റ്റാൻഡ് അപ് കൊമേഡിയന്റെ പരിപാടി റദ്ദാക്കുന്നതും സംഘാടകരെ ഭീഷണിപ്പെടുത്തുന്നതും അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്ന് ശശി തരൂർ എംപി ഫേസ്ബുക്കിൽ കുറിച്ചു.
പോലീസിന്റെയും സംഘപരിവാർ പ്രവർത്തകരുടെയും ഇടപെടലുകൾ മൂലം തുടർച്ചയായി ഫാറൂഖിയുടെ പരിപാടികൾ റദ്ദാക്കപ്പെട്ടിരുന്നു. ഇന്ന് ബെംഗളൂരുവിൽ നടക്കാനിരുന്ന കോമഡി ഷോയും പോലീസ് റദ്ദാക്കിയതോടെ താൻ എല്ലാം അവസാനിപ്പിക്കുന്നു എന്ന് ഇൻസ്റ്റഗ്രാമിലൂടെ പ്രഖ്യാപിക്കുകയായിരുന്നു ഫാറൂഖി.
കഴിഞ്ഞ രണ്ടുമാസത്തിനിടെ ഫാറൂഖിയുടെ 12 പരിപാടികളാണ് റദ്ദാക്കിയത്. കഴിഞ്ഞ മാസം മുംബൈയിൽ നടക്കാനിരുന്ന പരിപാടി ഗുജറാത്തിൽ നിന്ന് നേരിട്ടെത്തി ബജ്രംഗ്ദള് സംഘം റദ്ദാക്കുകയായിരുന്നു. ഫാറൂഖി ഹിന്ദുക്കൾക്ക് എതിരാണെന്നും ഇദ്ദേഹത്തിന്റെ പരിപാടി നടത്തിയാൽ ഓഡിറ്റോറിയം കത്തിക്കുമെന്നും സംഘാടകർക്ക് നേരെ ഭീഷണി ഉയർത്തിയിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും, ഹിന്ദു ദൈവങ്ങളെയും അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ജനുവരിയില്‍ മുനവര്‍ ഫാറൂഖിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിന് ശേഷം ഇദ്ദേഹത്തിന് സുപ്രീ കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും വിവാദങ്ങൾ ഫാറൂഖിയെ വിടാതെ പിന്തുടരുകയായിരുന്നു.
Also Read: കാർഷിക നിയമങ്ങൾ പിൻവലിക്കൽ; സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ട് നിന്ന് മോദി








































