മനുഷ്യന് ഭയമുള്ള പലകാര്യങ്ങളുമുണ്ട് ഈ ലോകത്ത്. എന്നാൽ, സ്ത്രീകളെ ഭയന്ന് വർഷങ്ങളായി ഒറ്റക്ക് ജീവിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെന്ന് തന്നെയാവും ഉത്തരം. ചിലർക്ക് ഇക്കാര്യം വിശ്വസിക്കാനും പറ്റിയെന്ന് വരില്ല. എന്നാൽ, ഇങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ട്. 71 വയസുള്ള ആഫ്രിക്കൻ വംശജനായ ‘കാലിറ്റ്ക്സെ നസാംവിറ്റ’യാണ് ആ മനുഷ്യൻ. (Life Of Callitxe nazamvita) ഒന്നും രണ്ടുമല്ല, കഴിഞ്ഞ 55 വർഷമായി ഇദ്ദേഹം സ്ത്രീകളിൽ നിന്ന് അകന്ന് ജീവിക്കുകയാണ്.
സ്ത്രീകളുമായി ഇടപഴുകേണ്ടി വരുമെന്ന് ഭയന്ന് കഴിഞ്ഞ 55 വർഷമായി അദ്ദേഹം വീട്ടിൽ സ്വയം തടവിൽ കഴിയുകയാണ്. ആഫ്രിക്കയിലെ റുവാണ്ടൻ സ്വദേശിയായ കാലിറ്റ്ക്സെ, 16ആം വയസു മുതലാണ് സ്ത്രീകളിൽ നിന്നും അകന്ന് ജീവിക്കാൻ തുടങ്ങിയത്. വീട്ടിലേക്ക് സ്ത്രീകൾ പ്രവേശിക്കാതിരിക്കാൻ 15 അടി ഉയരത്തിലുള്ള വേലി കെട്ടിമറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരൊറ്റ സ്ത്രീയും തന്റെ വീട്ടിലേക്ക് വരരുതെന്ന കർശന നിർദ്ദേശവും അദ്ദേഹം നൽകിയിട്ടുണ്ട്.
എന്നാൽ, ഏറ്റവും വിചിത്രമായ കാര്യം നസാംവിറ്റയുടെ ജീവൻ നിലനിർത്തുന്നത് ആ ഗ്രാമത്തിലെ സ്ത്രീകൾ ആണെന്നതാണ്. പ്രത്യേകിച്ചും നസാംവിറ്റയുടെ അയൽവാസികളായ സ്ത്രീകൾ. അവർ വീട്ടുമുറ്റത്തു വലിച്ചെറിഞ്ഞു കൊടുക്കുന്ന ഭക്ഷണ സാധനങ്ങളാണ് നസാംവിറ്റയുടെ ജീവൻ നിലനിർത്തുന്നത്. സ്ത്രീകൾ പോയിക്കഴിഞ്ഞാണ് നസാംവിറ്റ ഈ ഭക്ഷണം വീട്ടിനുള്ളിൽ നിന്ന് ഇറങ്ങിവന്ന് എടുത്തുകൊണ്ടുപോവുക. ഗ്രാമത്തിലെ സ്ത്രീകളെ ആരെയെങ്കിലും വീടിന് പരിസരത്ത് കണ്ടാൽ നസാംവിറ്റ വേഗം വീടു പൂട്ടി അകത്തിരിക്കും.
എല്ലാവരും പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പിന്നീട് വീട് തുറക്കുക. കുട്ടിക്കാലം മുതൽ കാലിറ്റ്ക്സെ വീട് വിട്ടിറങ്ങിയത് കണ്ടിട്ടില്ലെന്നാണ് അയൽവാസികളായ സ്ത്രീകൾ പറയുന്നത്. ആരോടും സംസാരിക്കാനും ഇയാൾ താൽപര്യപ്പെട്ടിരുന്നില്ല. ‘ഗൈനോഫോബിയ’ എന്ന മാനസികാവസ്ഥയാണ് നസാംവിറ്റക്ക് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകളോടുള്ള അകാരണമായ ഭയമാണ് ഈ മാനസികാവസ്ഥയുടെ ലക്ഷണം. എന്നാൽ, മാനസിക വൈകല്യങ്ങളുടെ ‘ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവലിൽ’ ഗൈമോഫോബിയയെ അംഗീകരിക്കുന്നില്ല.
അതേസമയം, ക്ളിനിക്കൽ രംഗത്ത് ഇതൊരു ‘സ്പെസിഫിക് ഫോബിയ’യായാണ് (സവിശേഷമായ ഭയം) കണക്കാക്കുന്നത്. സ്ത്രീകളോടുള്ള യുക്തിരഹിതവും അമിതവുമായ ഭയവും അവരെക്കുറിച്ചു ചിന്തിക്കുമ്പോൾ പോലും ഉണർത്തുന്ന ഉത്കണ്ഠയുമാണ് ഗൈമോഫോബിയയുടെ പ്രധാന ലക്ഷണങ്ങൾ. പാനിക് അറ്റാക്കുകൾ, നെഞ്ചിലെ ഞെരുക്കം, അമിതമായി വിയർക്കൽ, ഹൃദയമിടിപ്പിന്റെ വേഗം കൂടുക, ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക ഇത്തരം ശാരീരിക പ്രശ്നങ്ങളും ഈ സമയം നേരിടേണ്ടി വരും.
Most Read| ആഗോള പട്ടിണി സൂചിക; ഇന്ത്യ 111ആം സ്ഥാനത്ത്- പോഷകാഹാര കുറവും കൂടുതൽ!






































