കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ രാവിലെ 11 മണിയോടെ അദ്ദേഹം എത്തുമെന്നാണ് വിവരം. ആദ്യതവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുധാകരന് നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല.
തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു മുൻകൂർ ജാമ്യം നേടിയതിന് പിന്നാലെയാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. രണ്ടാഴ്ചത്തെ ഇടക്കാല മുൻകൂർ ജാമ്യമാണ് കോടതി അനുവദിച്ചത്. സിആർപിസി 41 പ്രകാരം നോട്ടീസ് നൽകിയതിനാൽ കെ സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിലും 50,000 ബോണ്ടിലും രണ്ടാൾ ജാമ്യത്തിലും വിട്ടയക്കും. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരിക്കും സുധാകരനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുക.
പരാതിക്കാർ നൽകിയ തെളിവുകൾ, മോൻസന്റെയും ജീവനക്കാരുടെയും മൊഴി എന്നിവയാണ് സുധാകരനെതിരെ ക്രൈം ബ്രാഞ്ചിന്റെ പക്കലുള്ള തെളിവുകൾ. വിദേശത്ത് നിന്നെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാൻ ഡെൽഹിയിലെ തടസങ്ങൾ നീക്കാൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25 ലക്ഷം രൂപ വാങ്ങി മോൻസൻ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം കൈപ്പറ്റിയെന്നുമാണ് കേസ്.
Most Read: കാത്തിരിപ്പിന് വിരാമം; ടൈറ്റൻ പേടകത്തിലെ യാത്രികർ മരിച്ചതായി സ്ഥിരീകരണം







































