ന്യൂഡെൽഹി: വൈദ്യുതി ഇരുചക്ര വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ തീപിടുത്തത്തിന്റെ മുഖ്യകാരണം കണ്ടെത്താൻ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കൾക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ പ്യുവർ ഇവി, ബൂം മോട്ടോഴ്സ് എന്നിവർക്ക് നോട്ടീസ് അയച്ചു.
ഈ വർഷം ഏപ്രിലിലാണ് ഇരു കമ്പനികളുടെയും സ്കൂട്ടറുകൾ പൊട്ടിത്തെറിച്ചത്. സിസിപിഎ അപകടകാരണം അന്വേഷിച്ച് വരികയും മറ്റ് നിർമാതാക്കൾക്ക് സമാനമായ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. വൈദ്യുത വാഹന നിർമാതാക്കൾ പാലിക്കേണ്ട പുതിയ ഗുണനിലവാര മാനദണ്ഡങ്ങളിൽ സർക്കാർ ഇതിനകം തന്നെ പ്രവർത്തിക്കുന്നുണ്ട്. പുതിയ ഗുണനിലവാര മാനദണ്ഡങ്ങൾ വരും മാസങ്ങളിൽ വ്യക്തമാക്കും.
തെലങ്കാനയിൽ അടുത്തിടെ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് പൊട്ടിത്തെറിച്ചിരുന്നു. ആളപായമുണ്ടായിട്ടില്ല. ഗുരുഗ്രാം ആസ്ഥാനമായുള്ള നിർമാതാക്കളായ ബെൻലിങ് ഇന്ത്യയുടേതാണ് തീപിടിച്ച സ്കൂട്ടർ. ഇത് ഏത് മോഡലാണെന്ന് വ്യക്തമല്ല. ഒല ഇലക്ട്രിക്, ഒകിനാവ, പ്യുവർ ഇവി, ബൂം മോട്ടോഴ്സ്, ജിതേന്ദ്ര ഇവി എന്നീ കമ്പനികളുടെ സ്കൂട്ടറുകൾക്കാണ് ഇതുവരെ തീപിടിച്ചത്. തീപിടുത്തം കാരണം കമ്പനികളുടെ സ്കൂട്ടറുകൾ തിരിച്ചുവിളിച്ചിരുന്നു. 1,444 ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ചതായി ഒല അറിയിച്ചിരുന്നു. ഒകിനാവ ഓട്ടോടെക് 3000 സ്കൂട്ടറുകളും പ്യുർ ഇവി 2000 യൂണിറ്റുകളും തിരിച്ചുവിളിച്ചു.
Most Read: രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളന് മോചനം; വിടുതൽ 32 വർഷങ്ങൾക്ക് ശേഷം








































