കരിപ്പൂർ: ഹജ്‌ജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്ന് ഈവർഷം അവസരം ലഭിച്ച തീർഥാടകരുടെ വിമാന യാത്രാ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും. ഓരോ യാത്രക്കാരും ഏത് ദിവസം ഏത് വിമാനത്തിൽ യാത്ര ചെയ്യണമെന്ന പട്ടികയാണ് തയ്യാറാക്കുന്നത്.
തീർഥാടകർക്ക് വിമാനവും സമയവും ഓൺലൈൻ ആയി തിരഞ്ഞെടുക്കാനുള്ള സമയം അവസാനിച്ചു. സ്വയം തിരഞ്ഞെടുത്തവർക്ക് പുറമെയുള്ള തീർഥാടകരുടെ സീറ്റുകളാണ് ഇനി ക്രമീകരിക്കാനുള്ളത്. കേരളത്തിലെ 27,118 പേർക്ക് അവസരം ലഭിച്ചു. കൊച്ചി വിമാനത്താവളം വഴിയാണ് കൂടുതൽ തീർഥാടകർ (7950) യാത്ര ചെയ്യുന്നത്.
കണ്ണൂരിൽ നിന്ന് 4260 പേരും കോഴിക്കോട് വിമാനത്താവളം വഴി 920 പേരും യാത്ര ചെയ്യും. മുൻവർഷങ്ങളിൽ കരിപ്പൂരിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കൂടിയതാണ് ഇത്തവണ തീർഥാടകർ കരിപ്പൂരിനെ കൈവിടാൻ കാരണം. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്‌ജ് വിമാന സർവീസ് കൊച്ചിയിൽ നിന്ന് ഏപ്രിൽ 30നാണ്.
രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന ഹ്രസ്വകാല ഹജ്‌ജ് തീർഥാടനത്തിന് കേരളത്തിൽ നിന്ന് 996 പേർക്ക് അവസരം ലഭിച്ചു. ഇവർ കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്ര ചെയ്യുക. മേയ് 17 മുതൽ 19 വരെയാണ് ഷോർട് ഹജ്‌ജ് വിമാന സർവീസ്.
കണ്ണൂരിൽ നിന്ന് മേയ് അഞ്ചിനും കോഴിക്കോടുനിന്ന് മേയ് 15നും ഹജ്‌ജ് വിമാന സർവീസുകൾ ആരംഭിക്കും. ഓരോ തീർഥാടകർക്കുമുള്ള യാത്രാ ഷെഡ്യൂൾ ഹജ്‌ജ് കമ്മിറ്റി അധികൃതർ അറിയിക്കും. യാത്രാച്ചിലവ് വൈകാതെ പ്രഖ്യാപിക്കും. തീർഥാടകർക്കുള്ള മൂന്നാംഘട്ട ക്ളാസ് റംസാൻ മാസത്തിന് ശേഷം ആരംഭിക്കും.
Most Read| സർക്കാരിന് കനത്ത തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി






































