കോഴിക്കോട്: ജില്ലയിലെ വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധവുമായി സിഐടിയു രംഗത്ത്. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുള്ള തീരുമാനം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് പ്രഖ്യാപിച്ചത്. എന്നാൽ, പദ്ധതി സംബന്ധിച്ച പ്രാരംഭ ചർച്ചകൾ തുടങ്ങിയതിന് പിന്നാലെയാണ് തൊഴിലാളി യൂണിയൻ പ്രതിഷേധ മാർച്ച് നടത്തിയത്.
തങ്ങളുടെ തൊഴിലും വലിയങ്ങാടിയിലെ പ്രൗഢിയും നഷ്ടപ്പെടുത്തുന്ന പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ. അതേസമയം, പദ്ധതി അടിച്ചേൽപ്പിക്കില്ലെന്നും, ഫുഡ് സ്ട്രീറ്റിന് ജനങ്ങളുടെ പിന്തുണ ഉണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം. കോഴിക്കോട് റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് നിന്ന് തുടങ്ങി വലിയങ്ങാടി വരെ നടന്ന പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്.
കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തൊഴിലാളികൾ പദ്ധതിക്കെതിരെ നിലപാട് അറിയിച്ചിരുന്നു. അതേസമയം, തൊഴിലാളികളെയും വ്യാപാരികളെയും ബാധിക്കുന്ന ഒരു പദ്ധതിയും നടപ്പിലാക്കില്ലെന്നും, അവിടെ വേണ്ട എന്നാണെങ്കിൽ ഉചിതമായ മറ്റൊരു സ്ഥലം ആലോചിക്കുമെന്നും മന്ത്രി റിയാസ് പ്രതികരിച്ചു. പദ്ധതിയെ കുറിച്ച് കൂടുതൽ ചർച്ചകൾ നടത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
ജില്ലയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി വലിയങ്ങാടിയിൽ രാത്രി വൈകിയും പ്രവർത്തിക്കുന്ന ഫുഡ് സ്ട്രീറ്റ് തുടങ്ങുമെന്ന് കഴിഞ്ഞ മാസമാണ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. കോഴിക്കോട് കോർപറേഷന്റെ സഹകരണത്തോടെ മാസങ്ങൾക്കകം പദ്ധതി നടപ്പിലാക്കാനായിരുന്നു നീക്കം. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ഇന്നലെ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധത്തിന് തുടക്കമിട്ടത്.
Most Read: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈന്യം രണ്ട് ഭീകരരെ വധിച്ചു






































