ആലപ്പുഴ: സ്‌ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സിപിഐ വിട്ട തമ്പി മേട്ടുതറ കുട്ടനാട്ടിൽ ബിഡിജെഎസ് സ്‌ഥാനാർഥി. സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്നു. സ്‌ഥാനാർഥി പ്രഖ്യാപനത്തിൽ സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേത് ഏകാധിപത്യ നിലപാടാണെന്ന് ആരോപിച്ചായിരുന്നു തമ്പി മേട്ടുതറ പാർട്ടിയിൽ നിന്ന് രാജി വെച്ചത്.
ബിഡിജെഎസ് അവസാനഘട്ട സ്‌ഥാനാർഥി പട്ടിക പുറത്ത് വിട്ടപ്പോഴാണ് കുട്ടനാട്ടിൽ തമ്പി മേട്ടുതറയുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. സിപിഐയുടെ ജില്ലാ കൗൺസിൽ അംഗത്വവും പാർട്ടി അംഗത്വവും ഇന്നലെ അദ്ദേഹം ഉപേക്ഷിച്ചിരുന്നു. കായംകുളം, ഓണാട്ടുകര ഭാഗത്ത് വളരെ ശക്‌തമായ പിന്തുണയുള്ള സിപിഐ നേതാവ് കൂടിയാണ് തമ്പി മേട്ടുതറ.
കാനം രാജേന്ദ്രന് എതിരെയും സിപിഐക്ക് എതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചതിന് ശേഷമാണ് അദ്ദേഹം ഇന്നലെ രാജി സമർപ്പിച്ചത്. കാനത്തിന്റെ ഏകാധിപത്യമാണ് സിപിഐയിൽ നടക്കുന്നതെന്നും തനിക്ക് ഇഷ്‌ടമുള്ളവരെ പല മണ്ഡലങ്ങളിലും കെട്ടിയിറക്കുന്ന സമീപനമാണ് കാനം സ്വീകരിച്ചതെന്നും തമ്പി ആരോപിച്ചിരുന്നു.
സിപിഐയുടെ ജില്ലാ കൗൺസിൽ നിർദ്ദേശിച്ച പേരുകളിൽ ഒന്നായിരുന്നു തമ്പി മേട്ടുതറയുടേത്. ഹരിപ്പാട് രമേശ് ചെന്നിത്തലക്ക് എതിരെ മൽസരിക്കാനും ഇദ്ദേഹത്തിന്റെ പേര് സിപിഐയുടെ പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ, സംസ്‌ഥാന നേതൃത്വം ഇടപെട്ട് ആർ സജി ലാലിനെ ഹരിപ്പാട് സ്‌ഥാനാർഥിയാക്കി. ഈ തീരുമാനത്തിൽ തമ്പി മേട്ടുതറക്ക് പ്രതിഷേധമുണ്ടായിരുന്നു. ഇതിന് പുറമേ പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ നിന്ന് തമ്പിയെ മാറ്റിനിർത്തുന്ന ഒരു സാഹചര്യവും ഉണ്ടായിരുന്നു. ഇക്കാര്യങ്ങളാണ് പാർട്ടി വിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
അതേസമയം, സ്‌ഥാനാർഥി പ്രഖ്യാപനത്തിനെ തുടർന്ന് മുൻപെങ്ങുമില്ലാത്ത വിധമുള്ള പ്രതിഷേധങ്ങളാണ് സിപിഐയിലും നടക്കുന്നത്. കൊല്ലം ചടയമംഗലത്ത് ചിഞ്ചുറാണിയുടെ സ്‌ഥാനാർഥിത്വത്തിന് എതിരെ സിപിഐ പ്രതിഷേധം തുടരുകയാണ്. സ്‌ത്രീകളുള്‍പ്പടെ നൂറിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. മണ്ഡലത്തില്‍ എ മുസ്‌തഫയെ പാര്‍ട്ടി സ്‌ഥാനാർഥിയാക്കണം എന്നാണ് ആവശ്യം.
Also Read: ‘മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മൽസരിക്കും’; വാളയാർ പെൺകുട്ടികളുടെ അമ്മ






































