തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇടിയോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യാൻ സാധ്യത ഉള്ളത്.
ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിലും തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഏഴാം തീയതി വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
മഴക്കൊപ്പം മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലിന്റെ സാധ്യത കൂടുതലുള്ളത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും, തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Most Read: എൽഡിഎഫ് പ്രചാരണത്തിനായി കെവി തോമസ് ഇറങ്ങിയാൽ നടപടി; കെ സുധാകരൻ







































