മുംബൈ: മഹാരാഷ്‌ട്രയിലെ ഉച്ചഭാഷിണി വിവാദം രൂക്ഷമാകുന്നു. മുംബൈയിലെ ശിവസേന ആസ്‌ഥാനത്തിന് മുന്നിൽ മഹാരാഷ്‌ട്ര നവനിർമ്മാൺ സേന ഹനുമാൻ ഗീതങ്ങൾ മുഴക്കി. സംഭവത്തിൽ എംഎൻഎസ് നേതാവ് യശ്വന്ത് കില്ലേക്കർ ഉൾപ്പടെ 4 പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. രാമ നവമിയോട് അനുബന്ധിച്ചാണ് ശിവസേന ഭവന് പുറത്ത് ഇവർ ഉച്ചഭാഷിണിയിൽ ഗാനങ്ങൾ മുഴക്കിയത്.
ടാക്‌സി കാറിൽ ഉച്ചഭാഷിണി ഘടിപ്പിച്ചാണ് പ്രവർത്തകർ എത്തിയത്. ഹിന്ദു ദൈവമായ രാമന്റെയും എംഎൻഎസ് മേധാവി രാജ് താക്കറെയുടെയും ചിത്രങ്ങളടങ്ങിയ പ്ളക്കാർഡും വാഹനത്തിൽ ഉണ്ടായിരുന്നു. ‘ശ്രീരാമ രഥ്’ (ശ്രീരാമന്റെ രഥം) എന്നും കാറിൽ എഴുതിയിരിക്കുന്നു.
വിവരമറിനെത്തിയ പോലീസ് പ്രാർഥനാ ഗാനം നിർത്തിക്കുകയും വാഹനവും ഉച്ചഭാഷിണിയും പിടിച്ചെടുക്കുകയും ചെയ്‌തു.
അടുത്തിടെ എംഎൻഎസ് നേതാവ് രാജ് താക്കറെ മഹാരാഷ്‌ട്രയിലെ പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പോലീസും ഭരണകൂടവും ഉച്ചഭാഷിണി നീക്കം ചെയ്‌തില്ലെങ്കിൽ, പള്ളികൾക്ക് മുന്നിൽ ഹനുമാൻ ഗീതങ്ങൾ ഉച്ചത്തിൽ മുഴക്കുമെന്നും താക്കറെ ഭീഷണി മുഴക്കിയിരുന്നു.
താക്കറെയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ എംഎൻഎസ് പ്രവർത്തകർ ഘട്കുപർ ഏരിയയിലെ പാർട്ടി ഓഫിസിന് മുന്നിൽ പ്രാർഥനാ ഗീതങ്ങൾ മുഴക്കിയിരുന്നു. കൂടാതെ വിവിധ സ്‌ഥലങ്ങളിൽ പ്രവർത്തകർ സമാന രീതി പിന്തുടരുകയും ചെയ്‌തിരുന്നു. പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ച നിരവധി പ്രവർത്തകരെ ഇതിനോടകം പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Most Read: അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് കോണ്‍ഗ്രസ്








































