ലഖ്‌നൗ: ഹത്രസിൽ കൂട്ടബലാൽസംഗ കേസിൽ തെളിവുകൾ നഷ്‌ടപ്പെട്ടതിന്റെ കാരണം വിശദീകരിച്ച് സിബിഐ. കൊല്ലപ്പെട്ട പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നത് വൈകിയതാണ് തെളിവുകൾ നഷ്‌ടപ്പെടാൻ കാരണമായതെന്ന് സിബിഐ വ്യക്‌തമാക്കി. സംഭവം നടന്നതിന് ശേഷം പെൺകുട്ടിയുടെ കുടുംബം ആദ്യം സമീപിച്ച ചന്ദപ്പ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥർ കൃത്യമായ നടപടി ക്രമങ്ങൾ പാലിക്കുകയോ പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് അയക്കുകയോ ചെയ്‌തിരുന്നില്ലെന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്‌തമാക്കി.
സെപ്റ്റംബർ 22ന് പെൺകുട്ടി നൽകിയ മരണമൊഴിയുടെ അടിസ്‌ഥാനത്തിലാണ് സിബിഐയുടെ നിഗമനങ്ങൾ. നാല് യുവാക്കൾ തന്നെ പീഡിപ്പിച്ചു വെന്നും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി. സംഭവം നടന്ന സമയത്ത് സ്‌ഥലത്തില്ലായിരുന്നു എന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ നൽകാൻ പ്രതികൾക്ക് കഴിഞ്ഞിരുന്നുമില്ല.
അന്വേഷണത്തിലെ വീഴ്‌ച ചൂണ്ടിക്കാട്ടിയതോടെ എസ്‌പിയടക്കം അഞ്ച് പോലീസ് ഉദ്യോഗസ്‌ഥരെ യുപി സർക്കാർ സസ്‌പെൻഡ് ചെയ്‌തിരുന്നു. എന്നാൽ, അന്വേഷണം ശരിയായ ദിശയിലാണെന്നും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ തന്നെ നാല് പ്രതികളെയും അറസ്‌റ്റ് ചെയ്‌തിരുന്നുവെന്നും പോലീസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിന് പോലീസിന്റെ എഫ്‌ഐആർ തന്നെയാണ് സിബിഐ പരിഗണിച്ചതെന്നും ഉദ്യോഗസ്‌ഥർ ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ കുടുംബം പോലും ആവശ്യപ്പെടാതെയാണ് യുപി സർക്കാർ കേസിൽ സിബിഐയെ ശുപാർശ ചെയ്‌തതെന്നും ഉദ്യോഗസ്‌ഥർ കൂട്ടിച്ചേർത്തു.
കേസിലെ പ്രതികളിൽ ഒരാളായ സന്ദീപ് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പെൺകുട്ടിയെ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞിരുന്നു. തന്നെ അപമാനിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകിയിരുന്നു. എന്നിട്ടും പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് അയക്കുകയോ ഫോറൻസിക് പരിശോധനകൾ നടത്തുകയോ ചെയ്‌തില്ലെന്നും സിബിഐ വ്യക്‌തമാക്കി.
Also Read: ഗുജറാത്തിലെ രാത്രികാല കര്‍ഫ്യൂ; ദുരിതത്തിലായി കര്‍ഷകര്‍
സെപ്റ്റംബർ 19ന് നൽകിയ മറ്റൊരു മൊഴിയിൽ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞിട്ട് പോലും പോലീസ് വൈദ്യ പരിശോധന നടത്തിയിരുന്നില്ല. സെപ്റ്റംബർ 22ന് അലിഗഢ് ആശുപത്രിയിൽ വെച്ച് ബലാൽസംഗത്തിന് ഇരയായി എന്ന് വീണ്ടും മൊഴി നൽകിയപ്പോഴാണ് പെൺകുട്ടിയെയും പ്രതികളെയും വൈദ്യ പരിശോധനക്ക് എത്തിച്ചത്.
പോലീസിന്റെയും അധികൃതരുടെയും വീഴ്‌ച പെൺകുട്ടിയുടെ പരിശോധന താമസിപ്പിച്ചു. നിർണായകമായ തെളിവുകൾ കൃത്യ സമയത്ത് കണ്ടെത്തിയില്ലെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസ് സംഭവിച്ചത്