തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞ വ്യക്തിയെ പുഴുവരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒപ്പം തന്നെ അദ്ദേഹത്തിന് തുടര്‍ചികിത്സ സൗജന്യമായി നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിഞ്ഞ വട്ടിയൂര്‍ക്കാവ് സ്വദേശിയായ അനില്‍ കുമാറിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞ മാസം 21 നാണ് തെന്നിവീണ് പരിക്കേറ്റ അനില്‍ കുമാറിനെ പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് പിറ്റേ ദിവസം തന്നെ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. അവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന അനിലിന് ഈ മാസം ആറാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് വാര്‍ഡിലേക്ക് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ ആശുപത്രിയില്‍ നിന്നും മാറ്റിയതോടെ കൃത്യമായ പരിചരണം ലഭിക്കാത്ത അവസ്ഥയിലായി. പിന്നീട് കോവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഈ മാസം 26 ന് അനില്‍ കുമാറിനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു. വീട്ടിലെത്തിച്ച അനിലിന്റെ ശരീരത്തിൽ വിവിധ ഭാഗങ്ങളിലായി മുറിവുകളില്‍ പുഴുവരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഒരു മാസത്തെ ചികിത്സക്ക് ശേഷം എല്ലും തോലുമായ അവസ്ഥയിലാണ് അനില്‍ കുമാര്‍ ആശുപത്രിയില്‍ നിന്നും പുറത്തു വന്നത്. ഭക്ഷണം പോലും കൃത്യമായി നല്‍കിയോ എന്ന കാര്യത്തില്‍ സംശയമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതിനെത്തുടര്‍ന്നാണ് സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് ബന്ധുക്കള്‍ പരാതി സമര്‍പ്പിച്ചത്. സംഭവത്തില്‍ അന്വേഷണ ചുമതല ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ്.
Read also : രാജ്യത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി അബുദാബി