ന്യൂഡൽഹി: പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ. കോടതിയുടെ ഈ നടപടിക്ക് ചരിത്രം വിധി പറയുമെന്ന് കപിൽ സിബൽ ട്വീറ്റ് ചെയ്തു. കോടതിയലക്ഷ്യ നടപടിയെടുക്കാനുള്ള അധികാരം ദുരുപയോഗം ചെയ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
ഭരണഘടനയേയും നിയമ വ്യവസ്ഥയേയും സംരക്ഷിക്കേണ്ട സ്ഥാപനങ്ങൾ ഇവ രണ്ടിനോടും തുറന്ന അവഹേളനം കാണിക്കുമ്പോൾ കോടതികൾ നിസ്സഹായരാകുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളെ നിരാശപ്പെടുത്തിയ കോടതിക്ക് ചരിത്രം വിധി പറയുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയലക്ഷ്യ കേസിൽ ശിക്ഷാ വിധി സംബന്ധിച്ച വാദം മാറ്റിവക്കണമെന്ന പ്രശാന്ത് ഭൂഷണിന്റെ ആവശ്യം കഴിഞ്ഞദിവസം സുപ്രീം കോടതി തള്ളിയിരുന്നു. വിധി പ്രസ്താവിച്ചതിനു ശേഷമേ ഉത്തരവ് പൂർണ്ണമാകൂവെന്നായിരുന്നു കോടതിയുടെ വാദം. പ്രശാന്ത് ഭൂഷൺ തന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട കോടതി അതിനായി മൂന്നു ദിവസം സമയം അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാൽ, കോടതിയലക്ഷ്യ കേസിൽ മാപ്പു പറയാൻ താൻ തയ്യാറല്ലെന്നും തന്റെ കടമയാണ് ചെയ്തതെന്നും പ്രശാന്ത് ഭൂഷൺ മറുപടി നൽകി. താൻ കോടതിയോട് ദയ ആവശ്യപ്പെടുന്നില്ല. കോടതിയുടെ ഒരു ഔദാര്യവും വേണ്ട, കോടതി തരുന്ന ഏതു ശിക്ഷയും സ്വീകരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയും സുപ്രീം കോടതിയെയും പരാമർശിച്ച് ജൂൺ 27നും 29നും പ്രശാന്ത് ഭൂഷൺ ഇട്ട രണ്ട് ട്വീറ്റുകളാണ് കോടതിയലക്ഷ്യ നടപടിയുടെ ആധാരം. ട്വീറ്റിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഓഗസ്റ്റ് 20-ന് ശിക്ഷ തീരുമാനിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ശിക്ഷാ വിധി സംബന്ധിച്ചു വാദം കേൾക്കുന്നത് മാറ്റിവക്കണമെന്നു പ്രശാന്ത് ഭൂഷൺ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. കേസിൽ താൻ പുനഃപരിശോധനാ ഹർജി നൽകുമെന്നും അതിൽ തീർപ്പുകല്പിക്കുന്നതുവരെ വാദം മാറ്റിവക്കണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ, വിധി വന്നതിനു ശേഷവും പുനഃപരിശോധനാ ഹർജി നൽകാൻ പ്രശാന്ത് ഭൂഷണിനു സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കോടതി ആവശ്യം നിരസിക്കുകയായിരുന്നു.








































