ന്യൂഡെൽഹി: രാജ്യത്ത് സാന്നിധ്യം കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം ആയിരം ഔട്ട്ലെറ്റുകൾ കൂടി ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാണ കമ്പനികളിൽ ഒന്നായ ഹോണ്ട ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളാണ് തയ്യാറാക്കി കൊണ്ടിരിക്കുന്നത്.
താരതമ്യേന ചെറിയ പട്ടണങ്ങൾ മാത്രം ഉൾപ്പെടുന്ന ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ഈ നീക്കത്തിലൂടെ കഴിയുമെന്നാണ് ഹോണ്ട കരുതുന്നത്. ഹോണ്ട ടു വീലേഴ്സിന് നിലവിൽ ഇന്ത്യയിലുടനീളം 6000ത്തോളം ഔട്ട്ലെറ്റുകളാണ് ഉള്ളത്, അതിൽ ഡീലർമാർ, സെയിൽസ് ആൻഡ് സർവീസ് പോയിന്റുകൾ എന്നിവയും ഉൾപ്പെടുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹനവിപണിയാണ് ഇന്ത്യ. രാജ്യത്ത് കമ്പനിക്ക് നിലവിൽ ആവശ്യമായ ഡീലർമാരും, ഔട്ട്ലെറ്റുകളും ഉണ്ടെങ്കിലും ഇത്തരം കേന്ദ്രങ്ങളുടെ ആവശ്യകത വർധിച്ചു വരികയാണ്.
പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലും ഇടത്തരം നഗരങ്ങളിലും വലിയ തോതിൽ ആവശ്യക്കാർ കൂടി വരുന്നുണ്ട്. അതിനാലാണ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുതുതായി 1000 ഔട്ട്ലെറ്റുകൾ കൂടി സ്ഥാപിക്കാൻ കമ്പനി തീരുമാനിച്ചത്; ഹോണ്ട ഇന്ത്യ സിഇഒ അസുഷി ഒഗാട്ട വ്യക്തമാക്കി.
Read Also: ടെസ്ല മനുഷ്യസമാന റോബോട്ടുകളെ നിർമിക്കും; ഇലോൺ മസ്ക്








































