തിരുവനന്തപുരം: കോവിഡ് തരംഗത്തിനിടെ സംസ്ഥാനത്ത് വെല്ലുവിളി ഉയർത്തി ‘സിക’ വൈറസ്. തിരുവനന്തപുരത്ത് 12 പേർക്ക് സിക രോഗബാധ റിപ്പോർട് ചെയ്തതോടെ കടുത്ത ജാഗ്രതാ നിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.
സിക വന്ന വഴി
ഫ്ളാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്ളാവിവൈറസ് ജനുസിലെ ഒരു അംഗമാണ് സിക വൈറസ് (Zika virus (ZIKV)). പകൽ പറക്കുന്ന ഈഡിസ് ജനുസിലെ ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകളാണ് ഇവ പകരാൻ ഇടായാക്കുന്നത്.
1950കൾ മുതൽ ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒരു ചെറിയ മധ്യരേഖാ പ്രദേശത്തുമാത്രമാണ് സിക വൈറസ് പനി കാണപ്പെട്ടിരുന്നത്. 2014 ആയപ്പോഴേക്കും ഈ വൈറസ് പസഫിക് സമുദ്രത്തിലെ ഫ്രഞ്ച് പോളിനേഷ്യയിലേക്കും പിന്നീട് ഈസ്റ്റർ ദ്വീപ്, 2015ൽ മെക്സിക്കോ, മധ്യ അമേരിക്ക, കരീബിയൻ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കും പകർച്ചവ്യാധിയുടെ കണക്ക് വ്യാപിച്ചു.
2016ന്റെ തുടക്കത്തിൽ സിക വൈറസ് അമേരിക്കയിലെങ്ങും ചരിത്രത്തിൽ ഇന്നേവരെയുള്ള ഏറ്റവും മാരകമായ രീതിയിൽ പടർന്നുപിടിച്ചിരുന്നു.
ലക്ഷണങ്ങൾ
ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള് അപൂര്‍വമാണ്.
ഗർഭിണികൾ സൂക്ഷിക്കുക
ഗര്‍ഭിണികളേയാണ് സിക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതക്കും ഗര്‍ഭഛിത്രത്തിനും വരെ കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശ്നങ്ങളിലെത്തിക്കും.
എന്‍സിഡിസി ഡല്‍ഹി, എന്‍ഐവി പൂനെ എന്നിവിടങ്ങളിലാണ് സിക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.
പ്രതിരോധിക്കേണ്ടത് എങ്ങനെ
നിലവില്‍ സിക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിൽസിക്കാനോ മരുന്നുകൾ ലഭ്യമല്ല. അനുബന്ധ ചികിൽസയാണ് നടത്തുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിൽസ തേടേണ്ടതാണ്. സിക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിൽസയും തേടേണ്ടതാണ്.
കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം.
കൊതുകു കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ളാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം.
Also Read: സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണം; സംസ്ഥാന വനിതാ കമ്മീഷൻ







































