കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് ഒഴിവാക്കിയെന്ന നടൻ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണെന്ന് കമൽ ആരോപിച്ചു.
ഇതിന് പിന്നിൽ ആരാണ് പ്രവർത്തിച്ചതെന്ന് സലിം കുമാർ പറയണമെന്നും കമൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചലച്ചിത്ര മേളയിലേക്ക് സലിം കുമാറിനെ ആരും ക്ഷണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. അദ്ദേഹത്തെ താൻ നേരിട്ട് ക്ഷണിക്കാൻ തയാറായിരുന്നു. ആർക്കെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെൽ ക്ഷമ ചോദിക്കാനും തയാറായിരുന്നുവെന്നും കമൽ പറഞ്ഞു.
എന്നാൽ ചടങ്ങിൽ പങ്കെടുത്താൽ പിന്തുണ നൽകിയവരോട് ചെയ്യുന്ന വഞ്ചനയാകുമെന്ന് സലിം കുമാർ പറഞ്ഞു. ‘എന്നെ മാറ്റിനിര്‍ത്തിയത് ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ്. അത് സംരക്ഷിക്കപ്പെടട്ടെ. ഞാനൊന്ന് അറിയാന്‍ വേണ്ടി വിളിച്ചതാണ് എന്തുകൊണ്ട് എന്നെ ഒഴിവാക്കിയെന്ന്. മാദ്ധ്യമങ്ങളിലൊക്കെ വാര്‍ത്ത വന്ന ശേഷമാണ് എന്നെ വിളിച്ചത്’- സലിം കുമാർ പ്രതികരിച്ചു.
കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്ര മേളയുടെ തിരി തെളിയിക്കേണ്ടവരുടെ പട്ടികയിൽ ദേശീയ അവാർഡ് ജേതാവായ സലിം കുമാറിനെ ഉൾപ്പെടുത്തിയില്ലെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. ദേശീയ അവാർഡ് ജേതാക്കളെ ഉൽഘാടന ചടങ്ങിലേക്ക് ക്ഷണിക്കുകയെന്ന പതിവ് സംഘാടകർ അട്ടിമറിച്ചെന്നും രാഷ്ട്രീയമാണ് ഇതിന് പിറകിലെന്നുമാണ് സലിം കുമാർ പ്രതികരിച്ചത്.





































