വയനാട്: മാനന്തവാടിയില്‍ ബിജെപി ഇന്നലെ പ്രഖ്യാപിച്ച സ്‌ഥാനാർഥി പിൻമാറി. രാഷ്‌ട്രീയ പശ്‌ചാത്തലമില്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞു. പണിയ വിഭാഗത്തെ പരിഗണിച്ചതിൽ സന്തോഷമുണ്ട്. സ്‌ഥാനാർഥി എന്ന നിലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്നും മണിക്കുട്ടൻ വ്യക്‌തമാക്കി. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ടീച്ചിങ് അസിസ്‌റ്റന്റ് എന്ന ജോലിയിൽ തുടരാൻ മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് മണിക്കുട്ടന്‍ കൂട്ടിച്ചേർത്തു.
ബിജെപി കേന്ദ്ര നേതൃത്വം ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച പ്രധാനപ്പെട്ട സ്‌ഥാനാർഥികളുടെ കൂട്ടത്തില്‍ മണിക്കുട്ടനും ഉണ്ടായിരുന്നു. പണിയ വിഭാഗത്തില്‍ നിന്നുളള സ്‌ഥാനാർഥി എന്ന നിലയിലാണ് ദേശീയ നേതൃത്വം മണിക്കുട്ടനെ പരിചയപ്പെടുത്തിയത്.
ബിജെപി മൽസരിക്കുന്ന 115 മണ്ഡലങ്ങളിൽ 112 ഇടത്തേക്കുള്ള സ്‌ഥാനാർഥികളെ ആണ് ഇന്നലെ പ്രഖ്യാപിച്ചത്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മൽസരിക്കും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മൽസരിക്കുക. മെട്രോമാൻ ഇ ശ്രീധരന്‍ പാലക്കാട് സ്‌ഥാനാർഥിയാകും. കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നാണ് ജനവിധി തേടുക. സുരേഷ് ഗോപി തൃശൂരിലും നടന്‍ കൃഷ്‌ണകുമാർ തിരുവനന്തപുരം സെന്‍ട്രലിലും സ്‌ഥാനാർഥിയാകും.
പികെ കൃഷ്‌ണദാസ് കാട്ടാക്കടയിൽ ജനവിധി തേടും. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് ബിജെപി മുതിർന്ന നേതാവ് സികെ പത്‌മനാഭൻ ആണ് മൽസരിക്കുന്നത്. അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ജനവിധി തേടും. മുൻ കോഴിക്കോട് സർവകലാശാല വിസി അബ്‌ദുൾ സലാമാണ് തിരൂരിൽ ബിജെപി സ്‌ഥാനാർഥി.
അതേസമയം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ പ്രഖ്യാപിച്ച പ്രമുഖരുടെ പട്ടികയില്‍ ശോഭാ സുരേന്ദ്രന്റേയും വി മുരളീധരന്റേയും പേരില്ല എന്നതും ശ്രദ്ധേയമാണ്. കഴക്കൂട്ടത്ത് തീരുമാനമായിട്ടില്ലെന്നും കോൺഗ്രസിലെ പലരും ബിജെപിയിലേക്ക് വരുമെന്നും മന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.
Also Read: ഭരണത്തുടർച്ച ലക്ഷ്യമിട്ട് സിപിഎമ്മിന്റെ ആക്ഷൻ പ്‌ളാൻ; മണ്ഡലങ്ങൾക്ക് നിരീക്ഷകർ







































