ഭരണത്തുടർച്ച ലക്ഷ്യമിട്ട് സിപിഎമ്മിന്റെ ആക്ഷൻ പ്‌ളാൻ; മണ്ഡലങ്ങൾക്ക് നിരീക്ഷകർ

By News Desk, Malabar News
CPM Central Committee meeting
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഭരണത്തുടർച്ച ഉറപ്പാക്കുന്ന വിധത്തിൽ പിഴവില്ലാത്ത പ്രവർത്തനവും പരമാവധി വോട്ട് നേടാനുള്ള പ്രചാരണവും നടത്തുന്നതിനായി സിപിഎം ‘ആക്ഷൻ പ്‌ളാൻ’ തയാറാക്കി. ഓരോ മണ്ഡലങ്ങളിലും ജില്ലകളിലും നേതാക്കൾക്ക് ചുമതല നൽകിയത് കൂടാതെ പിബി അംഗങ്ങളെ നിരീക്ഷകരായും നിയോഗിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിക്ക് പുറമെ എല്ലാ മണ്ഡലങ്ങളിലും ആറ് പിബി അംഗങ്ങളും പ്രചാരണത്തിന് ഇറങ്ങും.

തിരുവനന്തപുരം ജില്ലയിലെ എല്ലാ മണ്ഡലങ്ങളുടെയും നിരീക്ഷണ ചുമതല കോടിയേരി ബാലകൃഷ്‌ണനാണ്. തലസ്‌ഥാനം പിടിച്ചാൽ സംസ്‌ഥാന ഭരണം നേടാനാകുമെന്നാണ് കേരളത്തിൽ ഭരണം നേടുന്നതിൽ കണ്ടുവരുന്ന പ്രവണത. അതിനാൽ, ജില്ലയിൽ കൂടുതൽ സീറ്റുകൾ നിലനിർത്തുക എന്നത് എൽഡിഎഫിന് വളരെ പ്രധാനമാണ്. നേമം അടക്കമുള്ള മണ്ഡലങ്ങൾ ഇടത്തേക്ക് അടുപ്പിക്കാനുള്ള പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നത്. സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് ജില്ലയുടെ ചുമതല.

കേരളത്തിലുള്ള പിബി അംഗങ്ങളായ എംഎ ബേബിയും എസ് രാമചന്ദ്രൻ പിള്ളയും കൊല്ലം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുക. മാർച്ച് 19ന് നേതാക്കളുടെ പ്രചാരണ പരിപാടി തുടങ്ങുന്നത് വരെ ജില്ലകൾ ഇരുവരുടെയും നിരീക്ഷണത്തിൽ ആയിരിക്കും. കഴിഞ്ഞ തവണ കൊല്ലം ജില്ലയിലെ മുഴുവൻ സീറ്റുകളും എൽഡിഎഫ് നേടിയിരുന്നു. ഇത് നിലനിർത്തുകയാണ് എംഎ ബേബിയുടെ ദൗത്യം. മന്ത്രിമാരായ തോമസ് ഐസക്കിനെയും ജി സുധാകരനെയും മാറ്റി പുതിയ സ്‌ഥാനാർഥികളെ പരീക്ഷിക്കുന്നതിന്റെ എതിർപ്പ് പ്രകടമാക്കിയ ജില്ലയാണ് ആലപ്പുഴ. ഇവിടുത്തെ പ്രവർത്തകരെ രംഗത്തിറക്കാനായി എന്ന ഉറപ്പുവരുത്തലാണ് എസ് രാമചന്ദ്രൻ പിള്ളക്കുള്ളത്.

സിപിഎം മൽസരിക്കുന്ന സീറ്റുകളുടെ എണ്ണം കുറവായതിനാൽ പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ ചുമതല കെജെ ജോസഫിന് മാത്രമാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് കോടിയേരിയുള്ളതിനാൽ ആനത്തലവട്ടം ആനന്ദന് കൊല്ലം ജില്ലയുടെ ചുമതല കൂടിയുണ്ട്. കാസർഗോഡ് പി കരുണാകരൻ, കണ്ണൂരിൽ ഇപി ജയരാജൻ, പികെ ശ്രീമതി (വയനാട്), എളമരം കരീം (കോഴിക്കോട്), എകെ ബാലൻ (പാലക്കാട്), ബേബി ജോൺ (തൃശൂർ), തോമസ് ഐസക്ക് (ആലപ്പുഴ), വൈക്കം വിശ്വൻ (കോട്ടയം) എന്നിങ്ങനെയാണ് മറ്റ് ചുമതലകൾ.

അതേസമയം, മാർച്ച് 17 മുതൽ മുഖ്യമന്ത്രി മറ്റു ജില്ലകളിലെ പ്രചാരണം ആരംഭിക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടാകും. മന്ത്രിമാരായ തോമസ് ഐസക്ക്, കെകെ ശൈലജ എന്നിവരും മറ്റ് ജില്ലകളിൽ പ്രചാരകരായി ഇറങ്ങും.

Also Read: കെസി വേണുഗോപാലിന് എതിരെ മലപ്പുറത്ത് പോസ്‌റ്ററുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE