ന്യൂഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്‌ഥാനാർഥിയാകുമെന്ന് സൂചന ലഭിച്ച പ്രമുഖ നേതാവ് ഉൾപ്പടെ രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ പ്രതാപ് ബജ്‌വയുടെ സഹോദരനും കോൺഗ്രസ് എംഎൽഎയുമായ ഫത്തേ ജംഗ് സിംഗ് ബജ്‌വയും ഇവരിൽ ഉൾപ്പെടുന്നു.
പഞ്ചാബിലെ ഖാദിയാനിൽ നിന്നുള്ള എംഎൽഎയാണ് ഫത്തേ ജംഗ് ബജ്‌വ. ഹർഗോബിന്ദ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായ ബൽവീന്ദർ സിംഗ് ലഡ്ഡിയാണ് ബിജെപിയിലേക്ക് ചേക്കേറിയ മറ്റൊരു നേതാവ്.
അടുത്തിടെ നടന്ന ഒരു റാലിയിൽ കോൺഗ്രസിന്റെ പഞ്ചാബ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ഫത്തേ ബജ്‌വയെ പാർട്ടി സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, അതേ സീറ്റിൽ തനിക്കും താൽപര്യമുണ്ടെന്ന് പ്രതാപ് ബജ്‌വ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.
മറ്റൊരു കോൺഗ്രസ് എംഎൽഎ റാണ ഗുർമീത് സോധി കഴിഞ്ഞയാഴ്‌ച ബിജെപിയിൽ ചേർന്നിരുന്നു. കഴിഞ്ഞ മാസം കോൺഗ്രസിൽ നിന്ന് രാജിവച്ച് സ്വന്തം പാർട്ടി ആരംഭിച്ച മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ വിശ്വസ്‌തരായ മൂന്ന് പേരാണ് ഇപ്പോൾ പാർട്ടി വിട്ടിരിക്കുന്നത്. എന്നാൽ അമരീന്ദർ സിങ്ങിന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിന് പകരം അവർ ബിജെപിയിലേക്കാണ് ചേക്കേറിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Most Read: ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ അനുവദിക്കില്ല; തെലങ്കാന കോൺഗ്രസ് നേതാവ്