ന്യൂഡെൽഹി : കോവിഡ് വാക്സിന്റെ വിതരണത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ. രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത ആകെ വാക്സിൻ ഡോസുകളുടെ എണ്ണം 32.36 കോടിയാണ്. അതേസമയം അമേരിക്കയിൽ ഇതുവരെ 32.33 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തിട്ടുള്ളത്.
എന്നാൽ ഇന്ത്യയിൽ ഇതുവരെ പ്രായപൂർത്തിയായ ആളുകളുടെ 5.6 ശതമാനം മാത്രമാണ് പൂർണമായും കോവിഡ് വാക്സിൻ സ്വീകരിച്ചത്. അതേസമയം അമേരിക്കയിൽ ആകെ ജനസംഖ്യയുടെ 40 ശതമാനവും ഇതിനോടകം തന്നെ കോവിഡ് വാക്സിൻ സ്വീകരിച്ചതായാണ് റിപ്പോർടുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ പുതിയ വാക്സിൻ നയം നടപ്പാക്കിയതോടെ പ്രതിദിനം വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 3.91 കോടി ഡോസ് വാക്സിനാണ് പുതിയ നയം നടപ്പിലായതിന് ശേഷം വിതരണം ചെയ്തത്. കൂടാതെ കാനഡ, മലേഷ്യ, സൗദി എന്നീ രാജ്യങ്ങളിലെ ജനസംഖ്യയേക്കാൾ കൂടുതലാണ് ഇന്ത്യയിൽ ഇതുവരെ നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Read also : യുപി തിരഞ്ഞെടുപ്പ്: എഐഎംഐഎം 100 സീറ്റുകളിലേക്ക് മൽസരിക്കും; ഒവൈസി






































