അഹമ്മദാബാദ്: ഐസിസി ട്വന്റി20 ലോകകപ്പ് നിലനിർത്തി ഇന്ത്യ. ന്യൂസിലൻഡിനെ 96 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം ഉയർത്തിയത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ കലാശപ്പോരിൽ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന്റെ ഇന്നിങ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിച്ചു.
‘മലയാളികളുടെ ചെക്കൻ’ സഞ്ജു സാംസണിന്റെ (46 പന്തിൽ 89) ഇന്നിങ്സാണ് കൂറ്റൻ സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്. ബാറ്റിങ്ങിൽ അർധ സെഞ്ചറിയുമായി തിളങ്ങിയ സഞ്ജുവും ബോളിങ്ങിൽ നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യയുടെ വിജയശിൽപ്പികൾ.
ബുമ്രയാണ് പ്ളെയർ ഓഫ് ദ് മാച്ച്, സഞ്ജു പ്ളെയർ ഓഫ് ദ് ടൂർണമെന്റായി. മൂന്നാം കിരീട നേട്ടത്തിലൂടെ ട്വന്റി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ചാംപ്യൻമാരാകുന്ന ടീമെന്ന ഖ്യാതി ഇനി ഇന്ത്യക്ക് സ്വന്തം. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുന്ന വിൻഡീസിനെയും ഇംഗ്ളണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്. ടി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യം ചാംപ്യൻ ടീമെന്ന എന്ന റെക്കോർഡും സ്വന്തം നാട്ടിൽ ലോകകപ്പ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇനി ഇന്ത്യക്ക് സ്വന്തം.
2021 ട്വന്റി 20 ലോകകപ്പ്, 2025 ചാംപ്യൻസ് ട്രോഫി, ഇപ്പോൾ 2026 ട്വന്റി 20 ലോകകപ്പും. മറുവശത്ത്, കന്നിക്കിരീടം തേടിയെത്തിയ കിവീസിന്റെ രണ്ടാം ഫൈനൽ തോൽവിയാണ്. 2021 ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടായിരുന്നു ന്യൂസിലൻഡിന്റെ തോൽവി. ഫൈനലിൽ, ഇന്ത്യ ഉയർത്തിയ കൂറ്റൻ ടോട്ടൽ ചേസ് ചെയ്യാനിറങ്ങിയ ന്യൂസിലൻഡിന് തുടക്കം മുതൽ പിഴച്ചു.
പവർപ്ളേയിൽ തന്നെ അവർക്ക് നാലുവിക്കറ്റ് നഷ്ടമായി. ഇന്ത്യക്കായി ഇഷാൻ (25 പന്തിൽ 54), അഭിഷേക് ശർമ (21 പന്തിൽ 52) എന്നിവർ അർധസെഞ്ചറി നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച ദിവം ദുബെയാണ് (8 പന്തിൽ 24) ഇന്ത്യൻ സ്കോർ 250 കടത്തിയത്. രണ്ട് സിക്സും മൂന്ന് ഫോറും സഹിതം 24 റൺസാണ് 20ആം ഓവറിൽ ദുബെ അടിച്ചുകൂട്ടിയത്. 26 പന്തിൽ 52 റൺസ് നേടിയ ടിം സീഫെർട്ടാണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ.
Most Read| അക്ഷരങ്ങളെ ഉൾക്കാഴ്ചകൊണ്ട് നേരിട്ട് ജസീല; 397ആം റാങ്ക് തിളക്കം









































