ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സംബന്ധിച്ച കാര്യങ്ങളിൽ ഏറ്റവും ശുഭാപ്‌തി വിശ്വാസികൾ ഇന്ത്യക്കാരാണെന്നും ഭൂരിപക്ഷം ആളുകളും കുത്തിവെപ്പ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും സർവേ. എന്നാൽ ഫ്രാൻസ്, സ്‌പെയിൻ, ജപ്പാൻ മുതലായ രാജ്യങ്ങളിലെ ആളുകൾ വാക്‌സിൻ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
വേൾഡ് ഇക്കണോമിക്ക് ഫോറം 15 രാജ്യങ്ങളിലായി 19,000ത്തോളം പേരിൽ നടത്തിയ സർവേയിൽ 73 ശതമാനം ആളുകൾ കോവിഡ് വാക്‌സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. സർവേയിൽ പങ്കെടുത്ത 15 രാജ്യങ്ങളിൽ ചൈന, ഓസ്‌ട്രേലിയ, സ്‌പെയിൻ, ബ്രസീൽ ഉൾപ്പടെ 10 രാജ്യങ്ങളിൽ വാക്‌സിൻ സ്വീകരിക്കാനുള്ള താൽപര്യം കുറഞ്ഞു. എന്നാൽ ഇന്ത്യയിൽ ഇതിന് മാറ്റമില്ല.
വാക്‌സിന്റെ പാർശ്വഫലത്തെക്കുറിച്ചുള്ള ആശങ്കകളും ക്ളിനിക്കൽ പരീക്ഷണങ്ങൾ വേഗത്തിൽ പൂർത്തിയാകുന്നതുമാണ് വാക്‌സിൻ സ്വീകരിക്കാനുള്ള താൽപ്പര്യം കുറക്കുന്ന രണ്ട് പ്രധാന കാരണങ്ങൾ. ഇന്ത്യയിലും 34 ശതമാനം ആളുകൾ വാക്‌സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്നും 16 ശതമാനം അതിവേഗത്തിൽ പൂർത്തിയാകുന്ന വാക്‌സിൻ പരീക്ഷണങ്ങളിൽ ആശങ്കാകുലരാണെന്നും സർവേ അഭിപ്രായപ്പെട്ടു.
കൂടാതെ രാജ്യാന്തര തലത്തിൽ പത്തിൽ ഒരാൾ തങ്ങൾ വാക്‌സിനുകൾക്ക് എതിരാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മറ്റൊരു 10 ശതമാനം ആളുകൾ കോവിഡ് വാക്‌സിൻ ഫലപ്രദമാകില്ലെന്നാണ് കരുതുന്നതെന്ന് സർവേയിൽ പറയുന്നു. കോവിഡ് വാക്‌സിൻ ലഭിക്കാനുള്ള സാധ്യതകൾ കുറവാണെന്ന് 8 ശതമാനം പേർ സർവേയിൽ അഭിപ്രായപ്പെട്ടു.
Read also: കോവിഡ് ഒഴിഞ്ഞാൽ സിഎഎ നടപ്പാക്കും; നഡ്ഡക്ക് പിന്നാലെ പ്രഖ്യാപനവുമായി അമിത് ഷായും






































