തിരുവനന്തപുരം: പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ കേരളത്തിലേക്ക്. ചൊവ്വാഴ്ച ഇവർ കേരളത്തിലെത്തും. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ, മകൾ സ്മൃതി മേനോൻ (മൂന്ന് വയസ്) എന്നിവരാണ് കുടുങ്ങിയത്.
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. സംഘർഷ സാഹചര്യങ്ങളെ തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു.
മലയാളി കുടുംബം അടക്കം എട്ട് ഇന്ത്യൻ പൗരൻമാരാണ് കറാച്ചിയിൽ കുടുങ്ങിയത്. ഇവർ പാക്കിസ്ഥാനിൽ നിന്ന് ഇന്ന് ഉച്ചയോടെ കൊളംബോയിൽ എത്തി. രാത്രി 12.30ന് ശ്രീലങ്കൻ എയർവെയ്സിന്റെ വിമാനത്തിൽ ഡെൽഹിയിലേക്ക് പോകും. ഇവിടെനിന്നും നാളെ പുലർച്ചെയുള്ള എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലേക്ക് തിരിക്കുമെന്ന് നോർക്ക അറിയിച്ചു.
മലയാളികളായ യാത്രക്കാർ കുവൈത്തിൽ നിന്നുള്ള ലോക കേരളം സഭാംഗം മണിക്കുട്ടൻ എടക്കാട്ട് വഴിയാണ് നോർക്ക റൂട്ട്സിനെ ബന്ധപ്പെട്ടത്. തുടർന്ന് നോർക്ക കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഇവരെ ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിക്കുകയും ആയിരുന്നു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം






































