ന്യൂഡെൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാൻ മുന്നറിയിപ്പ്. എമ്പസിയുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ എംബസി നിർദ്ദേശിച്ച വഴികളിലൂടെയോ ഇറാൻ വിടാനാണ് നിർദ്ദേശം. ഇന്ത്യൻ എംബസി പങ്കുവെച്ച പോസ്‌റ്റിലാണ് പൗരൻമാർക്ക് നിർദ്ദേശം നൽകിയത്.
എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെയും ബന്ധപ്പെടാതെയും രാജ്യാന്തര അതിർത്തികളിലേക്ക് പ്രവേശിക്കരുതെന്നും കർശന നിർദ്ദേശമുണ്ട്. അടിയന്തിര ആവശ്യങ്ങൾക്കുള്ള എംബസിയുടെ നമ്പറുകൾ: +989128109115, +989128109109, +989128109102, +989932179359. ഇ-മെയിൽ ഐഡി: [email protected].
ഇറാനിൽ രണ്ടാഴ്‌ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ഇന്ന് പുലർച്ചെയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുഎസും ഇറാനും തമ്മിലുള്ള തുടർ ചർച്ചകൾ പാക്ക് തലസ്‌ഥാനമായ ഇസ്‌ലാമാബാദിൽ വെള്ളിയാഴ്‌ച നടക്കും. യുദ്ധം എന്നന്നേക്കുമായി അവസാനിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
വെടിനിർത്തൽ അംഗീകരിക്കുന്നെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്‌തമാക്കി. ഇറാനുമേലുള്ള അക്രമണങ്ങൾ നിർത്തിവെച്ചാൽ പ്രതിരോധ പ്രവർത്തനങ്ങൾ തങ്ങൾ അവസാനിപ്പിക്കുമെന്നും രണ്ടാഴ്‌ചത്തേക്ക് ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും സുഗമമായ യാത്ര സാധ്യമാകുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
ഇന്ത്യ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾക്ക് ഏറെ ആശ്വാസമാകുന്നതാണ് തീരുമാനം. ഹോർമുസ് തുറക്കുന്നതോടെ എൽപിജി, ഇന്ധന പ്രതിസന്ധിയിൽ നിന്ന് രാജ്യങ്ങൾക്ക് കരകയറാം. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം ആറാം ആഴ്‌ചയിലേക്ക് കടന്നതോടെ ലോകം തന്നെ സ്‌തംഭിച്ചിരുന്നു.
ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഇതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നു. ലോകമാകെ ഊർജ പ്രതിസന്ധിയിലേക്ക് പോകുമെന്ന നിലയായി. ഇതിനിടെയാണ്, ട്രംപിന്റെ അന്ത്യശാസനയും മധ്യസ്‌ഥ ചർച്ചകളും നടന്നത്.
Most Read| സ്വയം പ്രഖ്യാപിത ലിംഗസ്വത്വം അംഗീകരിക്കില്ല; ട്രാൻസ്‌ജെൻഡർ ബിൽ പാസാക്കി






































