ലബനനിൽ ഇസ്രയേൽ ആക്രമണം; വെടിനിർത്തൽ കരാറിൽ നിന്ന് പിൻമാറാൻ ഇറാൻ?

ലബനന് നേരെ ഇസ്രയേൽ ആക്രമണം തുടരുകയാണെങ്കിൽ കരാർ പുനഃപരിശോധിക്കുമെന്ന് ഇറാൻ വ്യക്‌തമാക്കി.

By Senior Reporter, Malabar News
Iran-US Nuclear Talk
Rep. Image
Ajwa Travels

ടെഹ്റാൻ: ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം ശക്‌തമാക്കിയ സാഹചര്യത്തിൽ, യുഎസുമായുള്ള വെടിനിർത്തൽ കരാറിൽ നിന്ന് ഇറാൻ പിൻമാറുമെന്ന് സൂചന. ഇറാനിലെ തസ്‌നിം ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്‌. ലബനന് നേരെ ഇസ്രയേൽ ആക്രമണം തുടരുകയാണെങ്കിൽ കരാർ പുനഃപരിശോധിക്കുമെന്ന് ഇറാൻ വ്യക്‌തമാക്കി.

ലബനനിലെ ഇസ്‍ലാമിക് റെസിസ്‌റ്റൻ ഉൾപ്പടെ എല്ലാ മേഖലകളിലും പോരാട്ടം അവസാനിപ്പിക്കണമെന്ന ധാരണയുടെ ലംഘനമായാണ് ഇസ്രയേൽ നടപടികളെ ഇറാൻ കാണുന്നത്. അതിനിടെ, ഹിസ്ബുള്ള തലവൻ നയിം ഖാസിമിന്റെ അനന്തരവനും അദ്ദേഹത്തിന്റെ പഴ്‌സണൽ സെക്രട്ടറിയുമായ അലി യൂസഫ് ഹർഷിയെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ബെയ്‌റൂട്ടിലെ തല്ലെറ്റ് ഖയാത്ത് മേഖലയിൽ ബുധനാഴ്‌ച രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് ഹർഷി കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഒക്‌ടോബറിൽ ഹസൻ നസ്രല്ല കൊല്ലപ്പെട്ടതിന് ശേഷമാണ് നയിം ഖാസിം ഹിസ്ബുല്ലയുടെ തലവനായി ചുമതലയേറ്റത്. ഇദ്ദേഹത്തെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് ഹിസ്ബുള്ള ഇതുവരെ ഔദ്യോഗിക സ്‌ഥിരീകരണം നൽകിയിട്ടില്ല.

ലബനൻ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. ബെയ്‌റൂട്ട്, തെക്കൻ ലബനൻ, കിഴക്കൻ ബെഖാ മേഖല എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പടെ തകർക്കപ്പെട്ടു. 2024 നവംബർ മുതൽ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും മാർച്ച് രണ്ടിന് ഹിസ്ബുള്ള നടത്തിയ അതിർത്തി കടന്നുള്ള ആക്രമണത്തിന് മറുപടിയായാണ് തങ്ങൾ ഈ വ്യോമ-കര-യുദ്ധം തുടരുന്നതെന്നാണ് ഇസ്രയേൽ വാദിക്കുന്നത്.

ലബനീസ് അധികൃതർ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ഇതുവരെ കുറഞ്ഞത് 1530 പേർ കൊല്ലപ്പെടുകയും 4812 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. പശ്‌ചിമേഷ്യയിലെ സംഘർഷം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനിടെ, താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു.

ഇതോടെ ഇറാനുമേൽ സമ്മർദ്ദം ശക്‌തമാക്കിയിരിക്കുകയാണ് യുഎസ്. കരാർ നിബന്ധനകൾ ഇറാൻ പൂർണമായും പാലിക്കുന്നതുവരെ അമേരിക്കൻ സൈന്യം പേർഷ്യൻ ഗൾഫ് മേഖലയിൽ തുടരുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കി. എന്തെങ്കിലും കാരണവശാൽ കരാർ പാലിക്കപ്പെട്ടില്ലെങ്കിൽ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ശക്‌തമായ ആക്രമണം ആരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Most Read| വനിതാ സംവരണ ബിൽ; എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർഥിച്ച് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE