തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് എതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ച ബിജെപി എംഎൽഎ ഒ രാജഗോപാലിനെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചത് നല്ല കാര്യമാണെന്നും അദ്ദേഹത്തിന്റെ നിലപാടിനെ അഭിനന്ദിക്കുന്നു എന്നും ഐസക് പറഞ്ഞു.
അതേസമയം, ഒ രാജഗോപാലിന്റെ നിലപാട് പാര്‍ട്ടി പരിശോധിക്കുമെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പ്രതികരിച്ചു. വിശദമായി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു.
“എന്തുകൊണ്ടാണ് പ്രമേയത്തെ അദ്ദേഹം അനുകൂലിച്ചതെന്നറിയില്ല. പരിണിതപ്രജ്ഞനായ നേതാവാണ് രാജഗോപാല്‍. പാര്‍ട്ടിക്ക് ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമായി അറിയാവുന്ന നേതാവാണ് അദ്ദേഹം. അതിനാല്‍ അദ്ദേഹത്തെ ഒന്നും പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല,”- കൃഷ്ണദാസ് പറഞ്ഞു.
രാജഗോപാൽ പറഞ്ഞത് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും പറഞ്ഞത്. രാജഗോപാലുമായി സംസാരിക്കുമെന്നും അതിന് ശേഷം പ്രതികരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിയിൽ ഭിന്നത ഇല്ലെന്നും കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം നിയമസഭയെ അവഹേളിക്കുന്നതാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കാർഷിക നിയമത്തിന് എതിരായ പ്രമേയത്തെ താൻ അനുകൂലിക്കുന്നു എന്നായിരുന്നു സഭാ സമ്മേളനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഏക ബിജെപി എംഎൽഎ ഒ രാജഗോപാൽ പറഞ്ഞത്. പൊതുമനസാക്ഷി കാർഷിക നിയമത്തിന് എതിരാണെന്നും പൊതു അഭിപ്രായത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ താങ്കൾ പിന്തുണക്കുന്നത് പാർട്ടിക്കുള്ളിൽ ആഭ്യന്തര പ്രശ്നത്തിന് ഇടയാക്കില്ലേ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലാ എന്നായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം. കേന്ദ്രനിയമങ്ങള്‍ പിന്‍വലിക്കണോ എന്ന ചോദ്യത്തിന് അതെ എന്ന് അദ്ദേഹം മറുപടി നൽകി. അതിനാലാണ് പ്രമേയത്തെ അനുകൂലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
National News: കോർപ്പറേറ്റുകളുടെ 2,37,876 കോടി രൂപയുടെ കടം കേന്ദ്രം എഴുതിത്തള്ളി; രാഹുല്‍ ഗാന്ധി







































