ന്യൂഡെൽഹി: പാക്കിസ്ഥാൻ ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യമാണെന്നും, അതിനാൽ അവരെ വിശ്വാസമില്ലെന്നും ഇസ്രയേൽ. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ ഇസ്ലാമാബാദിൽ വെച്ച് നടക്കാനിരിക്കെയാണ്, ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റുവെൻ അസർ ഇത്തരത്തിൽ പ്രതികരണം നടത്തിയത്.
സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ അമേരിക്കയെയാണ് ഇസ്രയേൽ ആശ്രയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയും ഇറാനും തമ്മിൽ നാളെമുതൽ നടക്കുന്ന നിർണായക ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നത് പാക്കിസ്ഥാനാണ്. രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ കരാറിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് യുദ്ധത്തിന് ശാശ്വത പരിഹാരം കാണാനായി ഇസ്ലാമാബാദിൽ വെച്ച് തുടർചർച്ചകൾ നടക്കുന്നത്. ഉപരോധങ്ങളും നീക്കുക, നഷ്ടപരിഹാരം നൽകുക, ഹോർമുസ് കടലിടുക്കിന് മേലുള്ള നിയന്ത്രണം അംഗീകരിക്കുക തുടങ്ങിയവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ.
ഹോർമുസിൽ കപ്പലുകൾക്ക് ചുങ്കം ഈടാക്കുന്നതിലൂടെ ധാരാളം പണം ലഭിക്കുമെന്നും ഈ പണം ഇറാനിലെ പുനർനിർമാണങ്ങൾക്ക് ഉപയോഗിക്കാമെന്നുമാണ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്. ഇറാനെതിരായ ഉപരോധങ്ങളിൽ ഇളവുകൾ വാഗ്ദാനം ചെയ്ത ട്രംപ്, ഹോർമുസിൽ ഗതാഗതം സുഗമമാക്കാൻ യുഎസ് യുദ്ധക്കപ്പലുകൾ കാവലുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം, ഹോർമുസിലൂടെ ഇനിമുതൽ അനുമതിയില്ലാതെ കപ്പലുകളെ വിടില്ലെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ, യുഎസുമായുള്ള വെടിനിർത്തൽ കരാറിൽ നിന്ന് ഇറാൻ പിൻമാറുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ലബനന് നേരെ ഇസ്രയേൽ ആക്രമണം തുടരുകയാണെങ്കിൽ കരാർ പുനഃപരിശോധിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
Most Read| വിധി കാത്ത് കേരളം; വോട്ടെടുപ്പ് അവസാനിച്ചു, കനത്ത പോളിങ്







































