ജറുസലേം: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേലിന്റെ ശക്‌തമായ വ്യോമാക്രമണം. ഒക്‌ടോബർ ഒന്നിന് ഇസ്രയേലിലേക്ക് 200ലേറെ മിസൈലുകൾ ഇറാൻ വർഷിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് നിലവിലെ ആക്രമണം.
ഇസ്രയേലിന് നേർക്ക് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം പ്രസ്‌താവനയിൽ വ്യക്‌തമാക്കി. ടെഹ്റാനിൽ വലിയ സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോർട്. ടെഹ്‌റാൻ വിമാനത്താവളത്തിന് അടുത്തും സ്‌ഫോടനം നടന്നതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
സ്‌ഫോടനത്തിൽ വലിയ രീതിയിലുള്ള നാശനഷ്‌ടങ്ങൾ ഉണ്ടായതായാണ് റിപ്പോർടുകൾ. നിരവധി കെട്ടിടങ്ങൾ തകർന്നു. ആളപായം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇറാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് ശക്‌തമായ വ്യോമാക്രമണം ഉണ്ടായത്.
”മറ്റേത് പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. രാജ്യത്തെയും ജനങ്ങളെയും പ്രതിരോധിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യും”- ഇസ്രയേൽ സൈന്യം വ്യക്‌തമാക്കി. ഏത് തിരിച്ചടിയും നേരിടാൻ തയ്യാറാണെന്നും ഇസ്രയേൽ വ്യക്‌തമാക്കി.
ഒക്‌ടോബർ ഒന്നിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയതിനെ കുറിച്ച് അറിവുള്ളതായി യുഎസ് അധികൃതർ വ്യക്‌തമാക്കി. ഇറാന് നേരെ ആക്രമണം ഉണ്ടായാൽ ശക്‌തമായി തിരിച്ചടിക്കുമെന്ന് ഇറാനിയൻ ഭരണകൂടം വ്യക്‌തമാക്കിയിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!