കാസർഗോഡ്: കുടുംബശ്രീയുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയ ശർക്കരവരട്ടി ജില്ലയിലെ ഓണക്കിറ്റിൽ വിതരണം ചെയ്തതിനെ തുടർന്നുള്ള വിവാദം മുറുകുന്നു. ഇതുസംബന്ധിച്ച് പാർട്ടിക്കുള്ളിൽ അച്ചടക്ക നടപടിക്ക് കാരണമായേക്കുമെന്നാണ് സൂചന. ഇന്നലെ നടന്ന സിപിഎം പീലിക്കോട് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച വിവാദവും ആക്ഷേപവും ചർച്ചയായത്. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരും സിപിഎം അംഗങ്ങളാണ്. ഒരാൾ ലോക്കൽ കമ്മിറ്റി അംഗവും കൂടിയാണ്. ഇത്തരം വിഷയങ്ങളിൽ പുലർത്തേണ്ട ജാഗ്രത പാർട്ടി അംഗങ്ങൾ കാണിച്ചില്ലെന്ന ആക്ഷേപമാണ് യോഗത്തിൽ ഉയർന്നത്.
പീലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് പതിമൂന്നാം വാർഡിലെ ഭാഗ്യധാര കുടുംബശ്രീ യൂണിറ്റിന്റെ പേരിൽ വ്യാജമായി ഉണ്ടാക്കിയ ശർക്കരവരട്ടിയാണ് ജില്ലയിലെ ഓണക്കിറ്റിൽ വിതരണം ചെയ്തിരുന്നത്. എന്നാൽ, ഇത് വ്യാജമാണെന്നും ഇത്തരത്തിലുള്ള പാക്കറ്റ് യൂണിറ്റിൽ നിന്ന് തയ്യാറാക്കിയിട്ടില്ലെന്നുമാണ് കുടുംബശ്രീ അംഗങ്ങൾ പറഞ്ഞിരുന്നത്. ശർക്കരവരട്ടിയുടെ പാക്കറ്റ് തയ്യാറാക്കി സിവിൽ സപ്ളൈസ് കോർപറേഷന് നൽകിയിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കുടുംബശ്രീയിലെ 20 അംഗങ്ങൾ ഒപ്പിട്ട പരാതി കളക്ടർക്കും കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്കും നൽകിയിരുന്നു.
പാക്കറ്റിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ പ്രദേശത്തെ ഒരു സിപിഎം നേതാവും സ്പോർട്സ് കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗവുമായ ടിവി ബാലൻ എന്നയാളുടേതാണ്. എന്നാൽ, കാറ്ററിങ് യൂണിറ്റിൽ വെച്ച് ഇതേ കുടുംബശ്രീയിലെ ഒരു യുവതി തയ്യാറാക്കിയതാണ് ശർക്കരവരട്ടിയെന്നാണ് ബാലൻ പറഞ്ഞത്. സ്ത്രീയുടെ മൊബൈൽ നമ്പർ പരസ്യമാക്കാൻ സാധിക്കാത്തതിനാൽ തന്റെ നമ്പർ നൽകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുവതി കുടുംശ്രീയുടെ പേര് സ്വയം സംരംഭക ഉൽപ്പന്നത്തിന് നൽകുകയാണ് ചെയ്തത്.
അതേസമയം, അംഗങ്ങളുടെ ജാഗ്രതക്കുറവ് പാർട്ടി വിശദമായി പരിശോധിക്കുമെന്നും ഇവരിൽ നിന്ന് വിശദീകരണം തേടി മേൽകമ്മിറ്റിക്ക് റിപ്പോർട് അയക്കുമെന്നും ഇന്നലെ നടന്ന യോഗത്തിൽ തീരുമാനമായി. കൂടാതെ, സംഭവത്തിൽ ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പടെ ഉള്ളവർക്കെതിരെ നടപടി എടുക്കേണ്ടത് മേൽക്കമ്മിറ്റിയാണ്. റിപ്പോർട് സമർപ്പിച്ച ശേഷം നടപടി ഉണ്ടാകാനാണ് സാധ്യത. പ്രദേശത്ത് നേരത്തെയും സിപിഎമ്മിൽ നിലനിൽക്കുന്ന ചേരിതിരിവ് ശർക്കരവരട്ടി വിവാദം പാർട്ടിയിൽ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.
Read Also: ഇന്ന് പരക്കെ മഴ; 50 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റിന് സാധ്യത








































