കോഴിക്കോട്: ജില്ലയിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്‌ടർ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്. കഴിഞ്ഞ ഒരാഴ്‌ചയായി പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയിരുന്നു. നിലവിൽ 234 പേരാണ് ഇവിടെ കോവിഡ് പോസിറ്റിവ് ആയിട്ടുള്ളത്.
പ്രതിവാര രോഗവ്യാപന നിരക്ക് എട്ടിൽ കൂടുതൽ ആയതോടെയാണ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സമ്പൂർണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കരിങ്കുറ്റി, കുളിരാമുട്ടി, ആനയോട് വാർഡുകളിലാണ് കൂടുതൽ രോഗികൾ ഉള്ളത്. ഇന്ന് മുതൽ കക്കാടംപൊയിൽ വിനോദസഞ്ചാര കേന്ദ്രം ഉൾപ്പടെയുള്ള പഞ്ചായത്തിലെ മുഴുവൻ ടൂറിസ്‌റ്റ് കേന്ദ്രങ്ങളും അടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് തോമസ് മാവറ അറിയിച്ചു. റിസോർട്ടുകൾക്കും നിരോധനം ഏർപ്പെടുത്തും.
അതേസമയം, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. പഞ്ചായത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും കർശന നിയന്ത്രണമുണ്ട്. വിവാഹം ഉൾപ്പടെ ആളുകൾ കൂടുന്ന പരിപാടികൾ മാറ്റിവെക്കാനും നിർദ്ദേശമുണ്ട്. മലയോര പഞ്ചായത്തുകളിൽ ഏറ്റവും കുറവ് കേസുകൾ റിപ്പോർട് ചെയ്‌തത് കൂടരഞ്ഞിയിൽ ആയിരുന്നു. എന്നാൽ, കഴിഞ്ഞ ഒരാഴ്‌ചകൊണ്ടാണ് ഇവിടെ രോഗികളുടെ എണ്ണം വർധിച്ചത്.
Read Also: ഇരട്ടസ്‍ഫോടനം; കാബൂളിൽ മരിച്ചവരുടെ എണ്ണം 60 ആയി