കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിന്റെ കവാടത്തിൽ നടന്ന ഇരട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി ഉയർന്നു. കൂടാതെ 140 പേർക്ക് ആക്രമണത്തെ തുടർന്ന് പരിക്കേറ്റതായും അഫ്‌ഗാൻ അധികൃതർ വ്യക്‌തമാക്കി. 12 യുഎസ് സൈനികർക്കും സ്‌ഫോടനത്തിൽ ജീവൻ നഷ്‌ടമായിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസ് ഏറ്റെടുത്തു.
ഇന്നലെ വൈകുന്നേരത്തോടെ വിമാനത്താവളത്തിൽ യുഎസ്, ബ്രിട്ടിഷ് സൈനികർ നിലയുറപ്പിച്ച ആബി ഗേറ്റിലായിരുന്നു ആദ്യ സ്‍ഫോടനം. തുടർന്ന് വിമാനത്താവളത്തോട് ചേർന്നുള്ള ഹോട്ടലിന് സമീപം രണ്ടാം സ്‍ഫോടനവും ഉണ്ടായി. യുഎസ് സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ആക്രമണമുണ്ടായതെന്ന് താലിബാൻ വക്‌താവ് സബീഹുല്ല മുജാഹിദ് വ്യക്‌തമാക്കി.
വിമാനത്താവള പരിസരത്ത് ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും, ജനങ്ങൾ അകന്നു നിൽക്കണമെന്നും യുഎസും സഖ്യകക്ഷികളും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഭീകരാക്രമണ ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിൽ മിക്ക രാജ്യങ്ങളും ബുധനാഴ്‌ച രാത്രിയോടെ തന്നെ ഒഴിപ്പിക്കൽ നടപടികൾ നിർത്തി വച്ചിരുന്നു. അഫ്‌ഗാനിൽ താലിബാൻ അധികാരം കയ്യേറിയതിന് ശേഷം 11 ദിവസങ്ങൾ കൊണ്ട് 95,700 ആളുകളെയാണ് യുഎസ് സഖ്യസേന ഒഴിപ്പിച്ചത്.
ചരിത്രത്തിൽ തന്നെ വ്യോമമാർഗമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലാണ് ഇപ്പോൾ അഫ്‌ഗാനിൽ നടക്കുന്നത്. ഈ മാസം 31ആം തീയതിയാണ് സഖ്യസേന രാജ്യം വിടേണ്ട അവസാന തീയതി. എന്നാൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് ജനങ്ങൾ ഇപ്പോഴും അഫ്‌ഗാനിൽ കുടുങ്ങി കിടക്കുകയാണ്. ഇന്നലെയോടെ അഫ്‌ഗാനിൽ കാണ്ഡഹാർ വിമാനത്താവളം തുറന്നു. ഇതോടെ കാബൂൾ വിമാനത്താവളം അടച്ചാലും രാജ്യാന്തര സർവീസുകൾ നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Read also: സംസ്‌ഥാനത്ത് 35 ശതമാനം കോവിഡ് വ്യാപനവും വീടുകളിൽ; ആരോഗ്യവകുപ്പ്