തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ ലോകായുക്ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മന്ത്രി കെടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ ജനം പുറത്താക്കുമെന്ന് ഉറപ്പാണ്. കെയർ ടേക്കർ സർക്കാരാണെങ്കിലും ധാർമ്മികത അൽപമെങ്കിലും ഉണ്ടെങ്കിൽ ജലീലിനെ പുറത്താക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ബന്ധുനിയമന വിവാദത്തിൽ ജലീൽ കുറ്റക്കാരനാണ് എന്നാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ വിധി. ആരോപണം പൂര്‍ണമായും സത്യമാണ്. ജലീൽ സ്വജനപക്ഷപാതം കാണിച്ചു. അദ്ദേഹത്തിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോർട് മുഖ്യമന്ത്രിക്ക് കൈമാറും.
ബന്ധുവായ കെടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദമായത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം.
വികെ മുഹമ്മദ് ഷാഫി എന്ന ആളാണ് ജലീലിന് എതിരെ പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് ലോകായുക്ത കണ്ടെത്തി. സത്യപ്രതിജ്ഞാ ലംഘനം നടത്തി സ്വജനപക്ഷപാതം കാണിച്ച ജലീൽ മന്ത്രി സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സ്ഥാനത്തു നിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ഇഡിക്കെതിരെ അന്വേഷണം തുടരാം; ക്രൈം ബ്രാഞ്ചിന് ഹൈക്കോടതിയുടെ അനുമതി







































