സമുദായ വഞ്ചകർ മുടിപ്പിച്ച സ്‌ഥാപനത്തെ നേരെയാക്കാൻ ശ്രമിച്ചത് കുറ്റമായി കണ്ടു; കെടി ജലീൽ

By Desk Reporter, Malabar News
CM about KT Jaleel
Ajwa Travels

മലപ്പുറം: ലോകായുക്‌ത വിധി ശരിവച്ച് ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ച ഉത്തരവിൽ പ്രതികരണവുമായി മുൻ മന്ത്രി കെടി ജലീൽ. തന്നിഷ്‌ടക്കാർക്കെല്ലാം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വായ്‌പ കൊടുത്ത് സമുദായ വഞ്ചകർ മുടിപ്പിച്ച ഒരു അർധ സർക്കാർ സ്‌ഥാപനത്തെ നേരെയാക്കാൻ ശ്രമിച്ചത് കുറ്റമായി കണ്ട് ആഘോഷിച്ചുവെന്ന് ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

താൻ കാണിച്ച ആത്‌മാർഥതയെ ‘തലവെട്ടു’ കുറ്റമായി അവതരിപ്പിച്ച് ആഘോഷിച്ച സുഹൃത്തുകളോടും നിഷ്‌പക്ഷ നിരീക്ഷകരോടും ഒട്ടും ദേഷ്യമില്ലെന്നും മനുഷ്യന്റെ അകമറിയാൻ ശേഷിയുള്ള ജഗദീശ്വരനായ പരമേശ്വരൻ എല്ലാം നോക്കിക്കാണുന്നുണ്ട് എന്ന വിശ്വാസം നൽകുന്ന കരുത്ത് ചെറുതല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്‌ത ഉത്തരവിന് എതിരെ ജലീൽ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. ജലീലിന് മന്ത്രി സ്‌ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാജി വയ്‌ക്കണമെന്നും പരാമർശിച്ചുള്ള ലോകായുക്‌തയുടെ ഉത്തരവിൽ തെറ്റില്ലെന്നും ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ലോകായുക്‌ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;

തന്നിഷ്‌ടക്കാർക്കെല്ലാം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വായ്‌പ കൊടുത്ത് സമുദായ വഞ്ചകർ മുടിപ്പിച്ച ഒരു അർധ സർക്കാർ സ്‌ഥാപനത്തെ, നല്ല ശമ്പളത്തിന് രാജ്യത്തെ മികച്ച ഷെഡ്യൂൾഡ് ബാങ്കുകളിലൊന്നിൽ ജോലി ചെയ്യുന്ന ഒരാളുടെ സേവനം ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ മുഖേന ഉപയോഗപ്പെടുത്തി നേരെയാക്കിയെടുക്കാൻ ശ്രമിച്ച ആത്‌മാർഥതയെ “തലവെട്ടു” കുറ്റമായി അവതരിപ്പിച്ച് ആഘോഷിച്ച സുഹൃത്തുകളോടും നിഷ്‌പക്ഷ നിരീക്ഷകരോടും ദേഷ്യം ഒട്ടുമേ ഇല്ല.

ഒരു നയാപൈസ പോലും പൊതുഖജനാവിന് നഷ്‌ടപ്പെടുത്താത്ത, തീർത്തും നിരുപദ്രവകരമായ ഒരു പ്രശ്‌നം രാഷ്‌ട്രീയ ശത്രുക്കൾ ഇത്രമേൽ ആനക്കാര്യമാക്കുമെന്ന് കരുതി വേണ്ട മുൻകരുതൽ എടുക്കാത്തതിൽ അണുമണിത്തൂക്കം ഖേദവും തോന്നുന്നില്ല. മനുഷ്യന്റെ അകമറിയാൻ ശേഷിയുള്ള ജഗദീശ്വരനായ പരമേശ്വരൻ എല്ലാം നോക്കിക്കാണുന്നുണ്ട് എന്ന വിശ്വാസം നൽകുന്ന കരുത്ത് ചെറുതല്ല.

ബഹുമാനപ്പെട്ട ലോകായുക്‌തയുടെ വിധിയെ തുടർന്നാണ് ഞാൻ രാജിവെച്ചത്. നിയമ വിദഗ്‌ധരുടെ അഭിപ്രായപ്രകാരം ഹൈകോടതിയെ സമീപിക്കുകയും ചെയ്‌തു. ഹൈക്കോടതിയുടെ വിധിക്കു കാത്തുനിൽക്കാതെ തന്നെ ലോകായുക്‌തയുടെ വിധി നടപ്പിലാക്കപ്പെട്ടു. അതോടെ ആ അധ്യായം അവിടെ അവസാനിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതിയും പ്രസ്‌തുത വിധി ഇന്ന് അംഗീകരിച്ചതായാണ് പ്രാഥമിക വിവരം. വിധി പകർപ്പ് കിട്ടിയ ശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തുടർ നടപടികൾ കൈകൊള്ളും.

Also Read:  ബംഗാളിലെ ജനവിധി ബിജെപിക്ക് അനുകൂലം; കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE