ജലീലിന് എതിരായ ഹൈക്കോടതി വിധി; മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖത്തേറ്റ പ്രഹരം; ചെന്നിത്തല

By Desk Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: ലോകായുക്‌ത ഉത്തരവിന് എതിരെ മുൻ മന്ത്രി കെടി ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തിയ കെടി ജലീലിന്റെ മാത്രമല്ല, അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് ചെന്നിത്തല പറഞ്ഞു. ധാര്‍മികതയൊന്നുമല്ല, നില്‍ക്കക്കള്ളിയില്ലാതെ നാണംകെട്ടാണ് ജലീല്‍ രാജിവച്ചതെന്ന് പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി വിധിയോടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ജലീല്‍ രാജിവച്ചത്. ബന്ധുനിയമന വിവാദത്തിൽ ജലീലിന്റെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിന്റെ ബന്ധുവിനെ നിയമിക്കുന്നതിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്‌തികയുടെ യോഗ്യതയില്‍ മന്ത്രിസഭയെ മറികടന്ന് ഇളവുവരുത്തിയത് മുഖ്യമന്ത്രിയാണ്. അതിനാല്‍ ഹൈക്കോടതിയിലെ ഈ വിധി മുഖ്യമന്ത്രിക്ക് എതിരായ കുറ്റപത്രം കൂടിയാണ്. ധാര്‍മികത അൽപമെങ്കിലും ഉണ്ടെങ്കിൽ മുഖ്യമന്ത്രിയും ആസ്‌ഥാനത്ത് തുടരരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, ജലീൽ മന്ത്രി സ്‌ഥാനം രാജി വച്ചതിനാൽ ഇന്ന് വന്ന ഹൈക്കോടതി ഉത്തരവിന് പ്രസക്‌തി ഇല്ലെന്ന് സിപിഎം നേതാവ് എഎൻ ഷംസീർ പ്രതികരിച്ചു. ജലീലിന്റെ കൈകൾ ശുദ്ധമാണ്. അദ്ദേഹം ഏതെങ്കിലും തരത്തിൽ അഴിമതിക്ക് കൂട്ട് നിൽക്കുന്ന ആളല്ല. ന്യൂനപക്ഷ കമ്മീഷൻ സ്‌ഥാനത്തിരുന്ന് മുസ്‌ലിം ലീ​ഗ് നടത്തിയ കൊള്ള തുറന്നുകാട്ടാനാണ് അതിന് പ്രാപ്‌തനായ ഒരു ഉദ്യോഗസ്‌ഥനെ അദ്ദേഹം നിയമിച്ചതെന്നും ഷംസീർ പറഞ്ഞു.

ഒരു തരത്തിലുള്ള തെറ്റായ ഉദ്ദേശ്യവും ജലീലിന് ഉണ്ടായിരുന്നില്ല. അത് സിപിഎമ്മിന് ബോധ്യമുള്ള കാര്യമാണ്. മുസ്‌ലിം ലീ​ഗ് ഭരിക്കുന്ന കാലത്ത് ന്യൂനപക്ഷ കമ്മീഷനിൽ നിന്ന് കടമെടുത്തവർ ആരൊക്കെയാണ്?, അതൊക്ക അവർ തിരിച്ചടച്ചോ? എന്നതൊന്നും ഹൈക്കോടതി പറയാതെ പോകുന്നു. ഇതിനെക്കുറിച്ച് കൂടി ഹൈക്കോടതി പറയേണ്ടതായിരുന്നു എന്നും ഷംസീർ അഭിപ്രായപ്പെട്ടു.

Also Read:  സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണില്ല; തീവ്രമേഖലകളിൽ എല്ലാവർക്കും ടെസ്‌റ്റ് നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE