ആറുമാസങ്ങൾക്ക് ശേഷം തിയേറ്ററുകളെ ഇളക്കിമറിക്കാൻ ‘സ്റ്റാർ’ മലയാളം മൂവി എത്തുകയാണ്. ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രം ‘സ്റ്റാർ’ ഒക്ടോബർ 29നാണ് തിയേറ്ററിൽ എത്തുന്നത്.
റോയ് എന്ന ഗൃഹനാഥനായി ജോജു എത്തുമ്പോൾ ഡെറിക് എന്ന ഡോക്ടറുടെ വേഷമാണ് പൃഥ്വിരാജിന്റേത്. ആർദ്ര എന്ന നായിക കഥാപാത്രമായി ഷീലുവും സ്റ്റാറിൽ എത്തുന്നു. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡോമിൻ ഡി സിൽവയാണ്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ‘സ്റ്റാറി’ൽ അതിഥി താരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്.
കേരളത്തിലെ തീയേറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തുന്ന മലയാള ചിത്രമാവും ‘സ്റ്റാർ’ ആണ്. സൈക്കോളജിക്കൽ മിസ്റ്ററി ഗണത്തിൽ പെടുന്ന ‘സ്റ്റാർ’ പൃഥ്വിരാജ് ആരാധകരെയും ജോജു ജോർജ് ആരാധകരെയും തിയേറ്ററുകളിലേക്ക് ആകർഷിക്കും എന്നുതന്നെയാണ് അണിയറ പ്രവർത്തകരുടെയും നിർമാതാക്കളുടെയും പ്രതീക്ഷ. മാത്രവുമല്ല പൃഥ്വി-ജോജു കോമ്പോക്കും ആസ്വാദകരെ ആകർഷിക്കാൻ ശേഷിയുള്ള സ്വഭാവമുണ്ട്.
‘Burst of Myths’ എന്ന ടാഗ് ലൈനിൽ ഇറങ്ങുന്ന ‘സ്റ്റാർ’ അന്ധ വിശ്വാസങ്ങളെയും സമൂഹത്തിൽ മതത്തിന്റെ പേരിൽ കെട്ടിപൊക്കിയ പല കാഴ്ചപാടുകളെയും യുക്തിയാൽ പൊളിച്ചെഴുതുമെന്നും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്. കുടുംബ പാശ്ചാത്തലത്തിൽ നടക്കുന്ന ചില സംഭവങ്ങളാണ് സിനിമയുടെ കാതലും പ്രധാന മുഹൂർത്തങ്ങളും. 2 മിനിറ്റോളം നീണ്ടുനിൽക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ട്രെയ്ലർ ഇവിടെകാണാം:
സാനിയ ബാബു, ശ്രീലക്ഷ്മി, തന്മയ് മിഥുന്, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്, രാജേഷ്ജി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിന് എസ് സോമശേഖരന്റേതാണ് രചന. ചിത്രത്തിന് എം ജയചന്ദ്രനും രഞ്ജിൻ രാജും സംഗീതമൊരുക്കുന്നുണ്ട്. തരുണ്‍ ഭാസ്കരന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. ചിത്രവുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ ഈലിങ്കിൽ വായിക്കാം.
Most Read: ശബ്ദ പരിശോധന കേന്ദ്രത്തിന് കീഴിലുള്ള ഫോറൻസിക് ലബോറട്ടറിയിൽ നടത്തണം; കെ സുരേന്ദ്രൻ








































