ശബ്‌ദ പരിശോധന കേന്ദ്രത്തിന് കീഴിലുള്ള ഫോറൻസിക് ലബോറട്ടറിയിൽ നടത്തണം; കെ സുരേന്ദ്രൻ

By Desk Reporter, Malabar News
K Surendran about Fuel price hike

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ നടത്തുന്ന ശബ്‌ദ പരിശോധന കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഫോറൻസിക് ലബോറട്ടറിയിൽ നടത്തണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇക്കാര്യം ആവശ്യപ്പെട്ട് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകി.

സംസ്‌ഥാനത്തെ ലാബുകളേക്കാൾ വിശ്വാസ്യത കേന്ദ്ര സർക്കാരിന് കീഴിലുള്ള ഫോറൻസിക് ലാബുകൾക്കാണെന്നും സംസ്‌ഥാനത്തെ ലാബുകളിൽ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ടെന്നും സുരേന്ദ്രന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹരജിയിൽ നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഹരജി ബുധനാഴ്‌ച കോടതി പരിഗണിക്കും.

കഴിഞ്ഞ 11ആം തീയതി കെ സുരേന്ദ്രനും മുഖ്യ സാക്ഷിയായ പ്രസീത അഴീക്കോടും കാക്കനാടുള്ള ചിത്രാഞ്‌ജലി സ്‌റ്റുഡിയോയിൽ എത്തി ശബ്‌ദ സാമ്പിൾ നൽകിയിരുന്നു. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലായിരുന്നു ശബ്‌ദ പരിശോധന. ശബ്‌ദ സാമ്പിള്‍ ശേഖരിച്ച് സംസ്‌ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധന നടത്താൻ അനുമതി തേടി കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. സികെ ജാനുവിന് കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷവും ബത്തേരിയില്‍ വെച്ച് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് ജെആര്‍പി മുന്‍ നേതാവായിരുന്ന പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നത്. ഇത് തെളിയിക്കാന്‍ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്‌.

മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്‌പി സ്‌ഥാനാർഥി ആയിരുന്ന കെ സുന്ദരക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മറ്റൊരു കേസും സുരേന്ദ്രനെതിരെയുണ്ട്. കേസിൽ കെ സുരേന്ദ്രനെ കഴിഞ്ഞ മാസം ചോദ്യം ചെയ്‌തിരുന്നു. കാസർഗോഡ് ഗസ്‌റ്റ്‌ ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

Most Read: പെഗാസസ്; അന്വേഷണത്തിന് വിദഗ്‌ധ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE