കോഴിക്കോട്: കെ-റെയിൽ ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി സ്വകാര്യ ഏജൻസി നടത്തുന്ന സാമൂഹിക ആഘാതപഠനം ബഹിഷ്‌കരിക്കുമെന്ന് വിവിധ ജനകീയ സമിതികൾ.
സാമൂഹിക ആഘാത പഠനവുമായി സഹകരിക്കില്ലെന്ന് വിവിധ ഏരിയകളിലുള്ള സമരസമിതി നേതൃത്വങ്ങൾ അറിയിച്ചു. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് നടത്തുന്ന ഈ സര്‍വേ ജനങ്ങളോടുള്ള വഞ്ചനയാണെന്നും ഇത് സമൂഹത്തിനെ ബോധ്യപ്പെടുത്താനുള്ള തന്ത്രം ആണെന്നുമാണ് വിവിധ ജനകീയ സമിതികൾ പറയുന്നത്.
സംസ്‌ഥാന തലത്തിൽ രൂപംകൊണ്ട ‘കെ റെയിൽ’ പ്രതിഷേധ സംഘടനയായ ‘സംസ്‌ഥാന കെ റെയില്‍ സില്‍വര്‍ വിരുദ്ധ ജനകീയ സമിതി’യും ഈ പഠനത്തെ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. സര്‍വേ വെറും വിവര ശേഖരണം മാത്രമാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് ഇതെന്നുമാണ് ഇവരും അവകാശപ്പെടുന്നത്.
2011ലെ ഭൂമിയേറ്റെടുക്കല്‍ നിയമവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ നടത്തിവരുന്ന സര്‍വേ സ്വകാര്യ കുത്തകകള്‍ക്ക് ഭൂമി പിടിച്ചെടുത്തു നല്‍കാനുള്ള ഗൂഢ തന്ത്രമാണ്. എന്തു വില കൊടുത്തും ഈ നടപടിയെ ചെറുക്കണമെന്നും ജനകീയ സമിതി സമൂഹത്തോട് ആവശ്യപ്പെട്ടു. സമൂഹം തളിക്കളഞ്ഞ കെ റെയില്‍ പദ്ധതിക്കുവേണ്ടി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും ‘സംസ്‌ഥാന കെ റെയില്‍ സില്‍വര്‍ വിരുദ്ധ ജനകീയ സമിതി’ പറഞ്ഞു.
നിർദ്ദിഷ്‍ട പാതയുടെ നിർമാണ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരാളോടും എത്ര ഭൂമി ഏറ്റെടുക്കുമെന്നോ, എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നോ നിയമപരമായി ആരും അറിയിച്ചിട്ടില്ല. ‘സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് ഞങ്ങൾക്ക് ഒരറിയിപ്പും ലഭിച്ചിട്ടില്ല. ഇതൊന്നും അറിയാതെ മറുപടി നല്‍കാന്‍ കഴിയാത്ത ചോദ്യാവലിയുമായാണ് ഏജന്‍സികള്‍ ഞങ്ങളെ സമീപിക്കുന്നത്’ -ജനകീയ സമിതി പ്രവർത്തകനായ വിശ്വനാഥൻ ചൂണ്ടികാട്ടി.
ഞങ്ങളോട് ചോദിക്കാനായി തയ്യാറാക്കിയ 75 ഓളം ചോദ്യങ്ങളിൽ ഒന്നുപോലും പദ്ധതി ഉണ്ടാക്കുന്ന ദോഷവശങ്ങളെക്കുറിച്ച് മിണ്ടുന്നില്ല. അത്തരത്തിലൊരു ചോദ്യം പോലും ഈ ചോദ്യാവലിയിലില്ല. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്. പ്രബുദ്ധ കേരളം ഇത് തള്ളിക്കളയുമെന്നും ‘സംസ്‌ഥാന കെ റെയില്‍ സില്‍വര്‍ വിരുദ്ധ ജനകീയ സമിതി’ അവകാശപ്പെട്ടു.
Most Read: ഐസിസി പുരസ്‌കാരം; മികച്ച വനിതാ താരമായി സ്‌മൃതി മന്ദാന