വയനാട്: കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി സരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാലക്കാട് പ്രാണി പോയ നഷ്‌ടം പോലും കോൺഗ്രസിന് ഉണ്ടാകില്ലെന്ന് സുധാകരൻ പറഞ്ഞു. വയനാട് യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സരിന് ബുദ്ധിയും വിവരവും ഉണ്ടെന്നും പക്ഷേ വിവരക്കേടും ബുദ്ധിയില്ലായ്‌മയും മാത്രമേ പറയൂവെന്നും സുധാകരൻ വിമർശിച്ചു. സരിന് ജൻമദോഷമാണെന്ന് തുറന്നടിച്ച സുധാകരൻ, യുഡിഎഫ് കോട്ടയിൽ ആരെങ്കിലും ജയിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അവർ വിഡ്‌ഢികളുടെ സ്വർഗത്തിലാണെന്നും കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിക്ക് 2019ൽ കിട്ടിയ വിജയം വയനാട്ടിൽ ഇനിയും ആവർത്തിക്കണം. ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുകയാണ്. കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ പ്രതീക്ഷയോടെ നോക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
‘പിണറായിയുടെ മണ്ഡലത്തിൽ പോലും തനിക്ക് ഭൂരിപക്ഷം കിട്ടി. അതിൽ സിപിഎം വോട്ടുകളും ഉണ്ടായിരുന്നു. കേരളത്തിലെ ജനങ്ങൾ നികൃഷ്‌ടജീവിയായി മുഖ്യമന്ത്രിയെ കാണുന്നത് ചരിത്രത്തിലാദ്യമാണ്. യുഡിഎഫ്-ബിജെപി ഡീൽ എന്ന് പറയാൻ സിപിഎമ്മിന് നാണമില്ലേ എന്നാണ് ചോദിക്കാനുള്ളത്. പിണറായി ജയിലിൽ പോകാതിരിക്കുന്നത് ഇവർ തമ്മിലുള്ള ധാരണ കാരണമാണ്. സിപിഎമ്മിനും ബിജെപിക്കും പരസ്‌പരം കടപ്പാടാണ് ഉള്ളത്. കെ സുരേന്ദ്രന് സിപിഎം സംരക്ഷണം ഒരുക്കുകയാണ്’- സുധാകരൻ കൂട്ടിച്ചേർത്തു.
Most Read| പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ വൈൻ നിർമാണം; ലൈസൻസ് ലഭിച്ച സന്തോഷത്തിൽ കർഷകൻ







































