പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ വൈൻ നിർമാണം; ലൈസൻസ് ലഭിച്ച സന്തോഷത്തിൽ കർഷകൻ

ഇളനീരും പഴങ്ങളും ചേർത്ത് വൈൻ നിർമിച്ച് ബോട്ടിൽ ചെയ്യാൻ എക്‌സൈസ് വകുപ്പിന്റെ ലൈസൻസാണ് കാസർഗോഡ് ഭീമനടി സ്വദേശി പാലമറ്റത്തിൽ സെബാസ്‌റ്റ്യൻ പി അഗസ്‌റ്റിന് ലഭിച്ചിരിക്കുന്നത്.

By Senior Reporter, Malabar News
Sebastian Augustine
സെബാസ്‌റ്റ്യൻ പി അഗസ്‌റ്റിൻ
Ajwa Travels

പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ വൈൻ നിർമിക്കാനുള്ള ലൈസൻസ് കിട്ടിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് കർഷകനായ സെബാസ്‌റ്റ്യൻ. ഇളനീരും പഴങ്ങളും ചേർത്ത് വൈൻ നിർമിച്ച് ബോട്ടിൽ ചെയ്യാൻ എക്‌സൈസ് വകുപ്പിന്റെ ലൈസൻസാണ് കാസർഗോഡ് സ്വദേശിയായ കർഷകന് ലഭിച്ചിരിക്കുന്നത്.

കാസർഗോഡ് വെസ്‌റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി സ്വദേശി പാലമറ്റത്തിൽ സെബാസ്‌റ്റ്യൻ പി അഗസ്‌റ്റിനാണ് ഈ അംഗീകാരം ലഭിച്ചത്. സ്വന്തം തോട്ടത്തിൽ സ്‌ഥാപിക്കുന്ന ചെറുകിട വൈനറിയിൽ നിന്ന് ഹോർട്ടിവൈൻ ഉൽപ്പാദിപ്പിക്കാനും ബോട്ടിൽ ചെയ്യാനുമാണ് അനുമതി. സംസ്‌ഥാനത്ത്‌ ആദ്യമായാണ് ഒരു കർഷകന് ഇത്തരത്തിലൊരു ലൈസൻസ് ലഭിക്കുന്നത്.

ഇളനീരും പഴങ്ങളും ചേർത്ത് വൈൻ നിർമിക്കാനുള്ള പേറ്റന്റും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹൊസ്‌ദുർഗ് താലൂക്ക് ഓഫീസിൽ നിന്നും ഡെപ്യൂട്ടി തഹസിൽദാറായി വിരമിച്ച സെബാസ്‌റ്റ്യൻ, ഭീമനടിയിലെ സ്വന്തം തോട്ടത്തിൽ സ്‌റ്റാർട്ടപ്പ് സംരംഭമായി തുടങ്ങുന്ന ‘റിവർ ഐലൻഡ് വൈനറി’യിൽ നിന്ന് ഇളനീർ വൈനും ഫ്രൂട്ട് വൈനും ഉൽപ്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

യൂണിറ്റിന് എംഎസ്എംഇ ഉദ്യം രജിസ്ട്രേഷനും ലഭിച്ചിട്ടുണ്ട്. തോട്ടത്തിലെ ഇളനീർ, ഡ്രാഗൺ പഴം, ചക്ക, മാമ്പഴം, വാഴപ്പഴം, പപ്പായ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുക. ഇതിന് പുറമെ ആവശ്യം വരുന്നവ മറ്റു കൃഷിക്കാർ, കർഷക സംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവരിൽ നിന്ന് ശേഖരിക്കും. സംരംഭം തുടങ്ങാൻ ബോട്ട്ലിങ് യൂണിറ്റ്, ഫെർമെന്റേഷൻ ടാങ്ക്, കോൾഡ് സ്‌റ്റോറേജ് എന്നിവയടക്കം 30 ലക്ഷം രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റവന്യൂ വകുപ്പിൽ നിന്ന് ഡെപ്യൂട്ടി തഹസിൽദാറായി വിരമിച്ച സെബാസ്‌റ്റ്യൻ ഇൻഫാം മുൻ ദേശീയ വൈസ് ചെയർമാനും മികച്ച കർഷകനുമാണ്. പഴവർഗങ്ങൾക്ക് പുറമെ തെങ്ങ്, കമുക്, റബ്ബർ എന്നിവയും കൃഷി ചെയുന്നുണ്ട്. ഉൽപ്പാദിപ്പിക്കുന്ന വൈൻ അബ്‌കാരി ലൈസൻസുള്ളവർ വഴിയല്ലാതെ സ്വന്തം നിലയിൽ വിൽക്കാനാകില്ല.

കുറഞ്ഞത് 250 ലിറ്റർ വീതമുള്ള ബാച്ചുകളായി വൈൻ ഉൽപ്പാദിപ്പിക്കാനാണ് തീരുമാനം. ഇളനീർ വൈനാണെങ്കിൽ ഇതിന് 1000 കരിക്കും 250 കിലോഗ്രാം പഴങ്ങളും വേണം. ഫ്രൂട്ട് വൈനാണെങ്കിൽ 1000 ലിറ്റർ വെള്ളവും 250 കിലോഗ്രാം പഴങ്ങളും വേണം. ഇളനീർ വൈൻ 750 മില്ലീലിറ്റർ കുപ്പിക്ക് നികുതി ഒഴികെ 500 രൂപയ്‌ക്ക് മുകളിലാകും വിലയെന്ന് സെബാസ്‌റ്റ്യൻ പറയുന്നു. ഫ്രൂട്ട് വൈനിന് വില ഇതിലും കുറവാകും.

വൈനറി തുടങ്ങാൻ നിലവിലുള്ള നിയമപ്രകാരം സർക്കാർ സബ്‌സിഡി ലഭിക്കില്ല. സബ്‌സിഡി അനുവദിക്കുന്ന വ്യവസായ യൂണിറ്റുകളുടെ പട്ടികയിൽ വൈൻ നെഗറ്റീവ് വിഭാഗത്തിലായതാണ് കാരണം. നിയമ ഭേദഗതി ചെയ്‌ത്‌ ഈ പ്രശ്‌നം പരിഹരിക്കണമെന്നും വൈൻ വിൽപ്പനയുടെ കാര്യത്തിൽ ഉദാരമായ സമീപനം വേണമെന്നും സെബാസ്‌റ്റ്യൻ ആവശ്യപ്പെട്ടു.

Health| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE