ജോലിക്കിടെ വൈദ്യുത ലൈനിലേക്ക് കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന് രക്ഷകനായി അഗ്‌നിരക്ഷാ സേനയിലെ ഹോംഗാർഡ് ആയ ഫിലേന്ദ്രൻ. പറളി സെക്ഷനിലെ കെഎസ്ഇബി ജീവനക്കാരനായ രാജനാണ് ഫിലേന്ദ്രന്റെ സമയോചിതമായ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്.
കല്ലേക്കാട് എടത്തറ കിഴക്കഞ്ചേരിയിൽ വൈദ്യുത തൂണിൽ ജോലി ചെയ്യുന്നതിനിടെയാണ് നിർജലീകരണം സംഭവിച്ച് രാജൻ വൈദ്യുത ലൈനിലേക്ക് കുഴഞ്ഞുവീണത്. വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.
കല്ലേക്കാട് ഫയർ സ്‌റ്റേഷനിൽ നിന്ന് ജോലി കഴിഞ്ഞ് എടത്തറയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കിഴക്കഞ്ചേരി പമ്പിന് സമീപത്തെ വൈദ്യുതി തൂണിലെ കേബിളിൽ രാജൻ തൂങ്ങികിടക്കുന്നതായി ഫിലേന്ദ്രൻ കണ്ടത്. ഉടനെ വണ്ടി നിർത്തി താഴെയുണ്ടായിരുന്ന മറ്റു ജീവനക്കാരോട് കാര്യം തിരക്കി. ഈ സമയത്താണ് ജീവനക്കാരും സംഭവം ശ്രദ്ധിച്ചത്.
വൈദ്യുതി വിച്‌ഛേദിച്ചിട്ടുണ്ടെന്ന് ജീവനക്കാർ പറഞ്ഞതോടെ വൈദ്യുതാഘാതമേറ്റല്ലെന്ന് ഉറപ്പിച്ചു. ഇതോടെ ഫിലേന്ദ്രൻ ഏണി വെച്ച് മുകളിലേക്ക് കയറി. കുഴഞ്ഞു കിടക്കുകയായിരുന്ന രാജനെ താഴെയിറക്കി. അതുവഴി വന്ന ആംബുലൻസിൽ കയറി പ്രഥമ ശുശ്രൂഷ നൽകി. ഇതോടെ രാജന് ബോധം തിരിച്ചുകിട്ടി. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
സമയോചിത ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ച ഫിലേന്ദ്രനെ തേടി അഭിനന്ദന പ്രവാഹമാണിപ്പോൾ. 24 വർഷം കരസേനയിൽ ഉണ്ടായിരുന്ന കെഎച്ച്. ഫിലേന്ദ്രൻ 16 വർഷമായി അഗ്‌നിരക്ഷാ സേനയിൽ ഹോംഗാർഡാണ്. പട്ടാളത്തിൽ ഉണ്ടായിരുന്നപ്പോൾ കിട്ടിയ മനോധൈര്യമാണ് ഇപ്പോഴും ഇത്തരം കാര്യങ്ങൾ ചെയ്യാനുള്ള ആത്‌മവിശ്വാസമെന്ന് ഫിലേന്ദ്രൻ പറയുന്നു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ







































