ന്യൂഡെൽഹി: വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്‌ഞ ചെയ്‌തു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടി ആയിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്‌ഞ. കസവ് സാരിയുടുത്ത് കേരളീയ വേഷത്തിൽ ലോക്‌സഭയിലെത്തിയ പ്രിയങ്കയെ കോൺഗ്രസ് എംപിമാർ കരഘോഷത്തോടെയാണ് വരവേറ്റത്.
കേരളത്തിൽ നിന്നുള്ള ഏക വനിതാ ലോക്‌സഭംഗമാണ് പ്രിയങ്ക ഗാന്ധി. സത്യപ്രതിജ്‌ഞ കാണാൻ അമ്മ സോണിയ ഗാന്ധി ഗാലറിയിൽ എത്തിയിരുന്നു. സഹോദരനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും ഇരിപ്പിടത്തിൽ ഉണ്ടായിരുന്നു. രാവിലെ സോണിയയുടെ വീട്ടിൽ നിന്നാണ് സത്യപ്രതിജ്‌ഞയ്‌ക്കായി പ്രിയങ്ക എത്തിയത്.
പ്രിയങ്കയ്‌ക്കൊപ്പം മഹാരാഷ്‌ട്രയിൽ നിന്നും വിജയിച്ച രവീന്ദ്ര വസന്ത് റാവുവും എംപിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. വയനാട് ഉരുൾപൊട്ടലിൽ ധനസഹായം ആവശ്യപ്പെട്ടുള്ള സബ്‌മിഷനാകും പ്രിയങ്ക ഗാന്ധി ആദ്യം സഭയിൽ അവതരിപ്പിക്കുക. അതേസമയം, അദാനി വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ ഇന്നും പ്രക്ഷുബ്‌ധമായി. ഇതേത്തുടർന്ന് 12 മണിവരെ സഭ നിർത്തിവെച്ചു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’