സ്‌ഥാനാർഥി നിർണയം കൂട്ടായ തീരുമാനം, സ്‌ഥാനമാറ്റം നേതൃത്വം പറയുന്നപോലെ; കെ സുരേന്ദ്രൻ

അതേസമയം, ബിജെപിക്ക് പാലക്കാട്ട് അടിസ്‌ഥാന വോട്ടുകൾ നിലനിർത്താൻ കഴിഞ്ഞില്ലെന്നും സുരേന്ദ്രൻ തുറന്ന് സമ്മതിച്ചു. തോൽവിയുടെ ഉത്തരവാദിത്തം സംസ്‌ഥാന അധ്യക്ഷൻ എന്ന നിലയിൽ തനിക്കുണ്ട്. ഇതിൽ ശരിയായ വിലയിരുത്തൽ നടത്തുമെന്നും സുരേന്ദ്രൻ വ്യക്‌തമാക്കി.

By Senior Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: പാലക്കാട് സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌ഥാനാർഥിയായി സി കൃഷ്‌ണകുമാറിനെ നിർണയിച്ചത് താൻ ഒറ്റയ്‌ക്കല്ലെന്നും പാർട്ടിയിലെ എല്ലാവരും ചർച്ച ചെയ്‌ത്‌ തീരുമാനിച്ചതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്‌ഥാനത്ത്‌ കുമ്മനം രാജശേഖരനായിരുന്നു സ്‌ഥാനാർഥി നിർണയത്തിന്റെ ചുമതല. മോദിയും അമിത് ഷായും അടങ്ങുന്ന പാർലമെന്ററി ബോർഡ് അംഗീകാരം നൽകിയ ആളാണ് പാലക്കാട് മൽസരിച്ചത്. മലമ്പുഴയിൽ മൂവായിരം വോട്ടുകൾ അമ്പതിനായിരം ആക്കിയ സ്‌ഥാനാർഥിയാണ് കൃഷ്‌ണകുമാറെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, ബിജെപിക്ക് പാലക്കാട്ട് അടിസ്‌ഥാന വോട്ടുകൾ നിലനിർത്താൻ കഴിഞ്ഞില്ലെന്നും സുരേന്ദ്രൻ തുറന്ന് സമ്മതിച്ചു. തോൽവിയുടെ ഉത്തരവാദിത്തം സംസ്‌ഥാന അധ്യക്ഷൻ എന്ന നിലയിൽ തനിക്കുണ്ട്. ഇതിൽ ശരിയായ വിലയിരുത്തൽ നടത്തും. ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും സുരേന്ദ്രൻ വ്യക്‌തമാക്കി.

പാലക്കാട് സ്‌ഥാനാർഥി നിർണയത്തിൽ പ്രശ്‌നമുണ്ടെന്ന് വരുത്താൻ മാദ്ധ്യമങ്ങൾ ശ്രമിച്ചു. പരസ്യ പ്രസ്‌താവനകൾ എല്ലാം പരിശോധിക്കും. കോൺഗ്രസുമായി ചേർന്നുപോകണമെന്നാണ് ചില നിരീക്ഷകരും ഓൺലൈൻ മാദ്ധ്യമങ്ങളും ആവശ്യപ്പെടുന്നത്. ഈ ആവശ്യം അംഗീകരിക്കാത്തതിന്റെ ചൊരുക്കാണ് ചിലർക്കുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ തവണ ഇ ശ്രീധരന് പൊതുസമൂഹത്തിൽ നിന്ന് നല്ല നിലയിൽ വോട്ട് കിട്ടിയിട്ടുണ്ട്. ആ വോട്ടുകൾ സമാഹരിക്കാൻ കൃഷ്‌ണകുമാറിന് കഴിഞ്ഞില്ലെന്നത് വസ്‌തുതയാണ്. സംസ്‌ഥാന അധ്യക്ഷൻ എന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്തം കേൾക്കാൻ വിധിക്കപ്പെട്ടയാളാണ് ഞാൻ. സ്‌ഥാനമാറ്റം വ്യക്‌തിപരമല്ല. പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും. അത് അനുസരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഫലം വിലയിരുത്താൻ ബിജെപി നേതൃയോഗം നാളെ നടക്കാനിരിക്കേയാണ് നിലപാട് വ്യക്‌തമാക്കി കെ സുരേന്ദ്രൻ ഇന്ന് വാർത്താ സമ്മേളനം നടത്തിയത്. പാർട്ടിക്കുള്ളിൽ നേതൃമാറ്റം വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിലായിരുന്നു വാർത്താ സമ്മേളനം. പാലക്കാട്ടെ തോൽവിയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ശക്‌തമായ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയരുന്നുണ്ട്.

കെ സുരേന്ദ്രൻ മാറുമെന്ന തരത്തിലാണ് പാർട്ടിയിലെ ഒരുവിഭാഗം ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ പാർട്ടിയെ നയിക്കുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. അതിനിടെ, പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചതായും കേന്ദ്രം ഇത് തള്ളിയതായും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. രാജി സംബന്ധിച്ച വാർത്തകൾ സുരേന്ദ്രനോടൊപ്പമുള്ള നേതാക്കളും നിഷേധിച്ചിട്ടുണ്ട്.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ! 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE