ചെന്നൈ : കാര്‍ഷിക ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ച് നടന് കമല്‍ ഹാസന്. പുതിയ ബില്ലിലൂടെ കര്‍ഷകരെ ഒറ്റിക്കൊടുക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്ന ഒരു നിയമ ഭേദഗതി അല്ലെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കരുത്ത് കര്‍ഷകര്‍ക്ക് ഉണ്ടെന്നും കമല്‍ ഹാസന് വ്യക്തമാക്കി.
ഇതേസമയം രാജ്യത്ത് ബില്ലിനെതിരെ കര്‍ഷക പ്രക്ഷോഭങ്ങള്‍ കനക്കുകയാണ്. ഡെല്‍ഹിയിലും പഞ്ചാബിലും ഹരിയാനയിലും കര്ഷകപ്രക്ഷോഭങ്ങള് രൂക്ഷമാകുകയാണ്. ഡെല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപം പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രാക്റ്റര്‍ കത്തിച്ചു. പിന്നീട് അഗ്നിശമനസേന എത്തി തീയണച്ച് ട്രാക്റ്റര്‍ സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇന്ത്യാഗേറ്റിന് സമീപം 20 ഓളം ആളുകള്‍ ചേര്‍ന്ന് ട്രാക്റ്റര്‍ കത്തിച്ചത്.
രാജ്യത്താകമാനം കര്ഷകപ്രക്ഷോഭങ്ങള് ആളിക്കത്തുമ്പോഴും കഴിഞ്ഞ ദിവസം രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചു. പ്രതിപക്ഷത്തിന്റെയും കര്‍ഷകസംഘടനകളുടെയും വാദം തള്ളിക്കൊണ്ടാണ് അദ്ദേഹം ഒപ്പ് വച്ചത്. സഭകളില്‍ ഏകപക്ഷീയമായി പാസാക്കിയ ബില്ലുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചെങ്കിലും രാഷ്ട്രപതി അത് തള്ളുകയായിരുന്നു.
എന്നാല്‍ ബില്ലുകള്‍ കര്‍ഷകരെ കൂടുതല്‍ സ്വതന്ത്രമാക്കുന്നതാണ് എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. തടസങ്ങളില്ലാതെ കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാമെന്നും ഇടനിലക്കാരില്ലാതെ കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം മന് കി ബാത്തില്‍ കൂട്ടിച്ചേര്‍ത്തു.
Read also : പ്രശസ്ത സാഹിത്യ നിരൂപകന് ജി. എസ്. അമൂര്‍ അന്തരിച്ചു







































