തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ നടപ്പാക്കൂ എന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഏതൊരു പുതിയ പദ്ധതിയിലും ജനങ്ങൾക്ക് ആശങ്കകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിക്കേണ്ടത് ഗവൺമെന്റിന്റെ ബാധ്യതയാണെന്നും കാനം രാജേന്ദ്രൻ വ്യക്‌തമാക്കി.
എല്ലാ ആശങ്കകളും പരിഹരിച്ച ശേഷം മാത്രമേ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കൂ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും നടത്തും. എല്ലാ ഘട്ടത്തിലും പൊതുജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള സാഹചര്യമുണ്ടാകും. ഇപ്പോൾ തൽകാലം ഇതിന്റെ അലൈൻമെന്റ് നിർണയിക്കാനുള്ള നടപടികൾ മുന്നോട്ട് പോകണം. അതിനോട് ജനങ്ങൾ സഹകരിക്കണം.
വിഷയത്തിൽ സിപിഐക്ക് രണ്ട് അഭിപ്രായമില്ല. എൽഡിഎഫിന്റെ അഭിപ്രായമാണ് സിപിഐക്കുള്ളത്. ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. എതിരഭിപ്രായങ്ങൾ സ്വാഭാവികമാണ്. അവരെ കൂടി ബോധ്യപ്പെടുത്തി മുന്നോട്ട് പോകാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
Also Read: ഒമൈക്രോൺ; പുതുവര്‍ഷത്തില്‍ അതീവ ജാഗ്രത, കരുതല്‍ പ്രധാനമെന്ന് ആരോഗ്യമന്ത്രി